അംഗീകരിച്ചത് കേന്ദ്ര നിര്‍ദ്ദേശം; നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചു

Friday 21 July 2017 1:21 am IST

തിരുവനന്തപുരം: അടിസ്ഥാനശമ്പളം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചതോടെ നഴ്‌സുമാരുടെ സമരത്തിന് പരിസമാപ്തി. 22 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിച്ചത്. അമ്പത് കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ അടിസ്ഥാനശമ്പളം 20,000 രൂപ നല്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പാക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു. 50 ല്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും പരാതികളും പഠിക്കാന്‍ നാലംഗസമിതിയെ നിയോഗിച്ചു. തൊഴില്‍, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍കമ്മീഷണറുമാണ് അംഗങ്ങള്‍. ഈ സമിതി ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. സമരം ചെയ്തവരോട് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രെയിനി നഴ്‌സുമാരുടെ കാര്യവും ട്രെയിനിംഗ് സമയത്ത് നല്‍കുന്ന സ്റ്റൈപ്പന്റ് സംബന്ധിച്ചും നാലംഗസമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ട്രെയിനി നഴ്‌സുമാരുടെ സ്റ്റൈപ്പന്റ് കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മിനിമം വേജസ് കമ്മിറ്റിക്കായിരിക്കും വേതനം പുതുക്കാനുള്ള അധികാരം. സര്‍ക്കാരിന്റെ അഭ്യര്‍ഥന എന്ന നിലയ്ക്കായിരിക്കും മിനിമം വേജസ് കമ്മിറ്റിക്ക് മുമ്പാകെ സമിതി റിപ്പോര്‍ട്ട് വയ്ക്കുക. നഴ്‌സുമാരുടെയും സ്വകാര്യആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജ്‌മെന്റുകളെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കി നഴ്‌സുമാര്‍ കൂട്ട അവധിയെടുത്തു നടത്തിയ പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിര്‍ണായക ചര്‍ച്ച നടന്നത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയാണെന്ന് നഴ്‌സുമാരുടെ സംഘടനകളായ യുഎന്‍എ, ഐഎന്‍എ എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു. ശമ്പളത്തിന്റെ കാര്യത്തില്‍ നഴ്‌സുമാരും മാനേജ്‌മെന്റുകളും വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാല്‍ വ്യവസായ ബന്ധസമിതി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നേരത്തെ തീരുമാനിച്ച 17,200 രൂപ നല്കാമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.