നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികള്‍ വില കുറച്ച് വിറ്റു; കിങ് ഖാന് സമന്‍സ്

Friday 21 July 2017 9:56 am IST

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികള്‍ നിയമ വിരുദ്ധമായി വില കുറച്ച് വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഷാരുഖ് ഖാന് സമന്‍സ് അയച്ചു. ആഗസ്റ്റ് 23ന് ഹാജരാകാനാണ് ഷാരുഖ് ഖാനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഈ കേസില്‍ ഷാരുഖ് ഖാനും, ഭാര്യ ഗൗരി ഖാനും, ജൂഹി ചൗളക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. 2008 ല് ഷാരൂഖിന്റെ ഉടമസ്ഥതിലുള്ള റെഡ് ചില്ലീസ് എന്റര്‍പ്രൈസസ് ഐപിഎല് ടീം വാങ്ങാനായി നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക എസ്പിവി ഉണ്ടാക്കിയിരുന്നു. ടീം വാങ്ങിയപ്പോള്‍ ഓഹരികളെല്ലാം റെഡ്ചില്ലീസിന്റെയും ഗൗരി ഖാന്റെയും പേരിലായിരുന്നു. ഐ.പി.എല്‍ വിജയമായതോടെ രണ്ട് കോടി ഓഹരികള്‍ അധികമായി നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സ് ഇറക്കി. ഇതില്‍ 50 ലക്ഷം ഓഹരികള്‍ സീ ഐലന്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന് കൈമാറി. 40 ലക്ഷം ഓഹരികള്‍ ജൂഹി ചൗളയ്ക്കും നല്‍കി. ഈ 90 ലക്ഷം ഓഹരികളും വെറും 10 രൂപ നിരക്കിലാണ് വിറ്റത്. യഥാര്‍ത്ഥ വില ഇതിലും വളരെ വലുതായിരുന്നു. ജൂഹി ചൗള വാങ്ങിയ 40 ലക്ഷം ഓഹരികള്‍ മറ്റൊരു കമ്പനിക്ക് മറിച്ചുവിറ്റതും 10 രൂപ നിരക്കിലായിരുന്നു. 86 രൂപ മുതല്‍ 99 രൂപ വരെ യഥാര്‍ത്ഥ ഓഹരി വിലയുള്ളപ്പോഴായിരുന്നു ഈ കൈമാറ്റങ്ങള്‍. ഇതിലൂടെ 73 കോടിയിലധികം രൂപ നികുതി വെട്ടിപ്പ് നടത്തി എന്നാണ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.