പുഞ്ചവയലിലെ ഓട്ടോ ഡ്രൈവറുടെ മരണം: എക്‌സൈസിനെതിരെ കൂടുതല്‍ തെളിവുകള്‍

Friday 21 July 2017 9:19 pm IST

മുണ്ടക്കയം: എക്‌സൈസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ അപകടത്തില്‍പെട്ട് പുഞ്ചവയല്‍ ചിറയ്ക്കല്‍ മോഹനന്‍(48) മരിച്ച സംഭവത്തില്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഓട്ടോയിലുണ്ടായിരുന്ന യാത്രികന്‍ രംഗത്ത്. എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കും മുന്‍പ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന പാക്കാനം തൈനിയില്‍ സോമനാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി നല്‍കുവാന്‍ ഒരുങ്ങുന്നത്. സംഭവദിവസം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി വന്ന് യാത്രക്കാരെ ഓട്ടോയില്‍ നിന്ന് ഇറക്കുകയും, ഇനി നടന്നുപൊയ്‌ക്കോ എന്ന് ആക്രോശിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ സോമന്‍ പറയുന്നു. മോഹനന്റെ കൈയ്യിലുള്ള കൂടില്‍ നിന്നും ഒന്നരലിറ്റര്‍ മദ്യം കണ്ടെത്തിയിരുന്നു. ബിവ്‌റേജിന്റെ ബില്‍ സഹിതം ഇവരെ കാണിച്ചെങ്കിലും കുപ്പികളും ബില്ലും പിടിച്ചുവാങ്ങി ഇയാളോട് സ്ഥലത്ത് നിന്ന് പോകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മോഹനന്‍ മദ്യകുപ്പികള്‍ വാങ്ങികൊണ്ടേ പോകൂ എന്ന് വാശിപിടിച്ചതോടെ ഇയാളുടെ പേരില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സോമന്‍ പറയുന്നു. തുടര്‍ന്ന് കുറച്ച് സമയത്തിന് ശേഷം കുപ്പിയും ബില്ലും തിരികെ കൊടുത്തു. അതും വാങ്ങി റോഡിലേയ്ക്ക് നടന്നുപോകും വഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിന്നാലെ ഓടിയെത്തി ബില്‍ തരാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ കൈകള്‍ പുറകോട്ട് തിരിച്ച് പിടിച്ച് ബലം പ്രയോഗിച്ച് പോക്കറ്റില്‍ നിന്നും ബില്‍ എടുത്തുകൊണ്ട് പോയെന്നും തുടര്‍ന്ന് രണ്ട് എക്‌സൈസുകാര്‍ മോഹനന്റെ വണ്ടിയില്‍ കയറി പോകുന്നതാണ് കണ്ടതെന്നും സോമന്‍ പറയുന്നു. ഓട്ടോ ഡ്രൈവറുടെ മരണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ എക്‌സൈസിനെതിരെ രംഗത്തെത്തിയിരുന്നു. ബില്ലുണ്ടെങ്കില്‍ മൂന്നു ലിറ്റര്‍ മദ്യം കൈവശം വയ്ക്കാമെന്ന നിയമം നിലവിലുള്ളപ്പോള്‍ എന്നര ലിറ്റര്‍ മദ്യവുമായി മോഹനനെ പിടിച്ചതിലും ഭീഷണിപ്പെടുത്തി വീട് പരിശോധിക്കാന്‍ കൊണ്ടു പോയതിനുമെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. രണ്ട് എക്‌സൈസ്‌കാരോടൊപ്പം വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് മോഹനന്റെ വണ്ടി ബസിലിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു എക്‌സൈസുകാര്‍ക്കും പരിക്കേറ്റിരുന്നു. ദൃക്‌സാക്ഷിയുടെ മൊഴിയും കൂടെയായാല്‍ എക്‌സൈസിന്റെ ക്രൂരത രംഗത്ത് കൊണ്ടു വരാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ഓട്ടോ തൊഴിലാളികളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.