ദേശീയ ഏകീകൃത അലോട്ട്‌മെന്റ് 15 ന് മുമ്പ്; ആശങ്കയൊഴിയാതെ മെഡിക്കല്‍ പ്രവേശനം

Friday 21 July 2017 9:37 pm IST

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് ആശങ്ക വിട്ടൊഴിയാതെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സര്‍ക്കാര്‍ കോളേജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും സ്വശ്രയകോളേജ് പ്രവേശനത്തിലെ അനിശ്ചിതത്വം വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച 5.5 ലക്ഷം വാര്‍ഷിക ഫീസ് ഹൈക്കോടതി അഞ്ച് ലക്ഷമായി അംഗീകരിച്ചതോടെയാണ് സംസ്ഥാനത്ത് പ്രവേശന നടപടികള്‍ തന്നെ ആരംഭിച്ചത്. ആദ്യ അലോട്ട്‌മെന്റില്‍് സ്വാശ്രയകോളേജുകളെ ഉള്‍പ്പെടുത്താതെ സര്‍ക്കാര്‍ കോളേജുകളിലെ 1200 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഇത് ജൂലൈ 30 ന് അവസാനിക്കും. ആഗസ്റ്റ് 18 ന് ശേഷം വരുന്ന അലോട്ട്‌മെന്റിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷ. ആഗസ്റ്റ് 15 ഓടെ ദേശീയ തലത്തിലെ ഏകീകൃത അലോട്ട്മമെന്റ് പ്രസിദ്ധീകരിക്കും. അതില്‍ 15 ശതമാനം സീറ്റുകളില്‍ മാത്രമാകും പ്രവേശനം നടക്കുക. ദേശീയ ഏകീകൃത പ്രവേശനത്തിന് ശേഷം ഒഴിവുള്ള സീറ്റുകള്‍കൂടി കണക്കാക്കിയാകും ആഗസ്റ്റ് 18 ലെ രണ്ടാംഘട്ട അലോട്ട്‌മെന്റ്. അതിനുശേഷവും ഒഴിവുവരുന്ന സീറ്റുകളുട എണ്ണം കണക്കാക്കിയാകും വീണ്ടും ഒരു ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടത്തണമോ എന്ന് തീരുമാനിക്കുക. അധികം സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ സ്‌പോട്ട് അഡ്മിഷനാകും നടത്തുക. സ്‌പോട്ട് അഡ്മിഷനില്‍ പൂര്‍ണ്ണമായും നീറ്റ് റാങ്ക്‌ലിസ്റ്റ് വഴി പ്രവേശന കമ്മീഷണറാകും പ്രവേശനം നടത്തുക. രണ്ടാംഘട്ട അലോട്ട്‌മെന്റിനായി സംവരണ സീറ്റുകളുടെ എണ്ണം സംബന്ധിച്ച കാര്യങ്ങള്‍ പ്രവേശന കമ്മീഷണര്‍ കോളേജുകളോട് ആരാഞ്ഞിട്ടുണ്ട്. അതേസമയം എംഇഎസ്, കാരക്കോണം, മലബാര്‍, തുടങ്ങിയ നാല് മെഡിക്കല്‍കോളേജുകള്‍ കഴിഞ്ഞ വര്‍ഷത്തെ രീതിയില്‍ പ്രവേശനം നടത്താനായി മുന്നോട്ടു വന്നത് വീണ്ടും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രീതിയിലാണ് പ്രവേശനമെങ്കില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിനും 50 ശതമാനം മാനേജ്‌മെന്റിനുമാണ്. കൂടാതെ പല കോളേജുകളിലും പലഫീസും. ഈ തരംതിരിവ് പ്രവേശന നടപടികളെയും സാരമായി ബാധിക്കും. ഇതിലെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ പ്രവേശനത്തിലെ ആശങ്കകള്‍ പരിഹരിക്കാനാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.