കുറുമാത്തൂരില്‍ 274 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വില്‍പ്പനയ്ക്ക് ശ്രമമെന്ന് പരാതി

Friday 21 July 2017 11:41 pm IST

കണ്ണൂര്‍: സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറി വില്‍പന നടത്തുന്നതായി ആരോപണം. കുറുമാത്തൂര്‍ വില്ലേജിലെ 274 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി വില്‍പന നടത്തി കൊണ്ടിരിക്കുന്നതത.് സംഭവത്തില്‍ മുഖ്യമന്ത്രി, റവന്യുമന്ത്രി, സ്ഥലം എംഎല്‍എ, ജില്ലാകലക്ടര്‍, തഹസില്‍ദാര്‍, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറുമാത്തൂരില്‍ പഴയ റി.സര്‍വ്വേ നമ്പര്‍ 31 ല്‍പ്പെട്ട കടമ്പേരി ദേവസ്വത്തിന് കീഴിലായിരുന്ന ഭൂമിയാണ് കയ്യേറി വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നത്. കണ്ണൂരില്‍ നിന്നുള്ളവര്‍ മാത്രമല്ല മധ്യകേരളത്തില്‍ വരെയുള്ളവര്‍ വരെ ഭൂമി കൈയ്യേറിയവരില്‍പ്പെടും. 1942 ല്‍ കട്ടക്കയം ചെറിയാന്‍ ജോസഫ് എന്നയാളും കുടുംബവും 439.74 ഏക്കര്‍ ഭൂമി കടമ്പേരി ദേവസ്വത്തില്‍ നിന്ന് പാട്ടത്തിന് വാങ്ങി കൈവശം വെച്ച് വരികയായിരുന്നു. കെഎല്‍ആര്‍ ആക്ട് നിലവില്‍ വന്നതോടെ ജന്‍മിയുടെ കൈവശം വെയ്ക്കാവുന്ന 15 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കി 424.74 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ഇതിലെ 274 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയ്യേറിയിരിക്കുന്നത്. കട്ടക്കയം ചെറിയാന്‍ ജോസഫിന്റെയും കുടുംബത്തിന്റെയും പേരില്‍ തളിപ്പറമ്പ് താലൂക്ക് ലാന്റ് ബോര്‍ഡിന്റെ എസ്എം 2/1992 ടിബിഎ നമ്പര്‍ പ്രകാരം മിച്ചഭൂമി കേസ് ഇപ്പോഴും തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുന്നുണ്ട്. കൂടാതെ മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട നടപടിക്രമം പൂര്‍ത്തിയാകാത്തതിനാല്‍ ഇതില്‍പ്പെട്ട ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടി നിര്‍ത്തിവെച്ച് കൊണ്ട് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ആഫീസര്‍ക്ക് നല്‍കിയ ജില്ലാകലക്ടറുടെ 5-11-1993 ലെ 358/73/ ടിബിഎ നമ്പര്‍ നിരോധന ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേ ഭൂമിക്ക് ചില വ്യക്തികള്‍ വ്യാജപട്ടയവും പ്രമാണങ്ങളും ഉണ്ടാക്കി ഹൈക്കോടതിയെ സമീപിക്കുകയും നിരോധനമുള്ള ഭൂമിയല്ല ഞങ്ങളുടേത് എന്നും റി.സ 31 ല്‍പ്പെട്ട മറ്റ് വസ്തുവായതിനാല്‍ ഞങ്ങളുടെ സ്വത്ത് വില്‍കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് രജിസ്‌ട്രേഷനുള്ള അനുവാദം വാങ്ങിക്കുകയും ഇതിന്റെ മറവില്‍ കലക്ടറുടെ നിരോധ ഉത്തരവുള്ള ഭൂമി രജിസ്റ്റര്‍ ചെയ്ത് വന്‍ വില ഈടാക്കി വില്‍പന നടത്തുകയാണ്. സര്‍ക്കാര്‍ മേല്‍പറഞ്ഞ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കണമെങ്കില്‍ അതിന്റെ ഉടമസ്ഥര്‍ക്ക് അവരുടെ അവകാശപ്പെട്ട 15 സെന്റ് ഭൂമി ലാന്റ് ബോര്‍ഡ് അളന്ന് തിട്ടപ്പെടുത്തി നല്‍കണം. എന്നാല്‍ ഇത് വരെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ കട്ടക്കയം ചെറിയാന്‍ ജോസഫിന്റെ കുടുംബക്കാരാണ്. എന്നാല്‍ വില്‍പന നടത്താനുള്ള നടപടിയുമായി ഇപ്പോള്‍ നീങ്ങുന്നവരില്‍ ഒരാളും കട്ടക്കയം ചെറിയാന്‍ ജോസഫിന്റെ കുടുംബക്കാരല്ലെന്നതാണ് വസ്തുത. താലൂക്ക് ലാന്റ് ബോര്‍ഡിന്റെ മിച്ചഭൂമി കേസ് പൂര്‍ത്തിയായി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ ഈ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എത്രയും പെട്ടെന്ന് ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച് മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് ഇത് വിതരണം ചെയ്യണമെന്നും ആക്ഷന്‍കമ്മറ്റി ഭാരവാഹികളായ പി.കെ.കുഞ്ഞിരാമന്‍, വി.പ്രേമരാജന്‍ മാസ്റ്റര്‍, കെ.വി.ബാലകൃഷ്ണന്‍, വി.ഗംഗാധര്‍, എം.പ്രദീപന്‍, എം.വി.പ്രശാന്തന്‍ എന്നിവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.