ക്ഷേത്ര മൈതാനത്ത് പൊതുയോഗങ്ങള്‍: പ്രതിഷേധം ശക്തം

Saturday 22 July 2017 9:25 pm IST

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് പൊതു പരിപാടികള്‍ക്കും അനുവദിക്കണമെന്ന സിപിഎം പ്രമേയം അംഗീകരിച്ച നഗരസഭ കൗണ്‍സില്‍ നടപടിയില്‍ ക്ഷേത്രോപദേശക സമിതി പ്രതിഷേധിച്ചു. ക്ഷേത്രഭൂമി കയ്യേറാനും അന്യാധീനപ്പെടുത്തുവാനുമുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ക്ഷേത്രത്തിന് നേര്‍ക്കുള്ള ഈ വെല്ലുവിളി മുഴുവന്‍ ഭക്തജനങ്ങളേയും അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് പ്രസിഡന്റ് കെ.ജി.ശശിധരന്‍ അറിയിച്ചു. ക്ഷേത്രഭൂമി കയ്യേറാന്‍ വര്‍ഷങ്ങളായി നടന്നു വരുന്ന നീക്കങ്ങളുടെ ഭാഗമാണ് നഗരസഭ പ്രമേയമെന്ന് ഉപദേശക സമിതിയുടെ അടിയന്തിര യോഗം വിലയിരുത്തി. ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് കൊടുങ്ങല്ലൂരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പ്രകടനത്തിന്റെ മറവില്‍ ക്ഷേത്രത്തിനു നേരെ കല്ലേറ് നടത്തിയ സി പി എമ്മിലെ എന്‍ഡിഎഫുകാര്‍ക്ക് കുട പിടിക്കുവാനുള്ള ശ്രമമാണ് പ്രമേയത്തിനു പിന്നില്‍. ഇതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജുമോന്‍ വട്ടേക്കാട്, എല്‍.കെ. മനോജ്, ഇറ്റിത്തറ സന്തോഷ്, വി.ജി.ഉണ്ണികൃഷ്ണന്‍, കെ.എ. സുനില്‍ കുമാര്‍, കെ.എസ്.ശിവറാം, മായ സജിവ് എന്നിവര്‍ സംസാരിച്ചു. ക്ഷേത്രഭൂമി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റും അനുവദിക്കുവാനുള്ള നഗരസഭയുടെ നീക്കത്തില്‍ നെടിയ തളി ശിവക്ഷേത്രസമിതി പ്രതിഷേധിച്ചു. ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ ക്ഷേത്രമൈതാനം രാഷ്ടീയസമ്മേളനങ്ങള്‍ ഉള്‍പ്പടെയുള്ള പൊതുകാര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുവാനെടുത്ത മുനിസിപ്പാലിറ്റി തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. എല്ലാ പഞ്ചായത്തുകളിലും ആധുനികരീതിയിലുള്ള പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുകുന്ദപുരം താലൂക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു നേതൃസമ്മേളനം ഇരിങ്ങാലക്കുട സംഗമം ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ അച്ചുതന്‍ മുഖ്യാതിഥിയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാസെക്രട്ടറി സുശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല, സംഘടനാസെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, മനോഹരന്‍ തുമ്പൂര്‍ എന്നിവരും വിവിധ സാമുദായിക നേതാക്കളും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.