ലാവ്‌ലിന്‍ കേസ് അന്വേഷണം മൂന്നുമാസത്തിനകം തീര്‍ക്കും : സി.ബി.ഐ

Thursday 14 July 2011 3:05 pm IST

കൊച്ചി: ലാവ്‌ലിന്‍ കേസിന്റെ അന്വേഷണം മൂന്നു മാസത്തിനകം തീര്‍ക്കുമെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. ഹര്‍ജി നല്‍കിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. നന്ദകുമാര്‍ പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും സി.ബി.ഐ അഭിഭാഷകന്‍ ചന്ദ്രശേഖര പിള്ള ഹൈക്കോടതിയില്‍ വ്യക്തമാക്കി. ലാവ്‌ലിന്‍ കേസിന്റെ തുടരന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ സബ്മിഷന്‍ അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് ബി.പി. റേ ഹര്‍ജി തീര്‍പ്പാക്കി. തുടരന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു നന്ദകുമാര്‍ നല്‍കിയ ഹര്‍ജി സി.ബി.ഐ കോടതി ആറു മാസം കഴിഞ്ഞാണ് പരിഗണനയ്ക്ക് വച്ചിരുന്നത്. ഹര്‍ജി എത്രയും പെട്ടെന്നു പരിഗണിക്കാന്‍ സി.ബി.ഐ കോടതിക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ക്രൈം നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.