പരിയാരം മെഡിക്കല്‍ കോളജ് പ്രതിപക്ഷ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

Sunday 23 July 2017 8:15 pm IST

തളിപ്പറമ്പ്: സ്ഥലം കയ്യേറിയെന്ന് റവന്യു അധികൃതര്‍ കണ്ടെത്തിയിട്ടും കയ്യേറ്റം ഒഴിപ്പിച്ചെടുക്കാന്‍ യാതൊരു നടപടിയുമില്ല. പരിയാരം മെഡിക്കല്‍ കോളജ് പ്രതിപക്ഷ ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിയാരം മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ള അരയേക്കറോളം സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി വ്യക്തമായത്. ഇവിടേക്ക് റോഡും നിര്‍മ്മിച്ചിരുന്നു. സിപിഎമ്മുമായി ബന്ധപ്പെട്ട മാങ്ങാട് സ്വദേശിയാണ് സ്ഥലം കയ്യേറിയതെന്ന് മെഡിക്കല്‍ കോളജിലെ പ്രതിപക്ഷ യൂണിയനുകള്‍ ആരോപണമുന്നയിക്കുകയും മെഡിക്കല്‍ കോളജ് ചെയര്‍മാനും എംഡിക്കും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു. സംഘടനകള്‍ സംയുക്തമായി കയ്യേറിയ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ കോളജ് അധികൃതര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയത്. കഴിഞ്ഞ മാസം തന്നെ താലൂക്ക് സര്‍വേയര്‍ സ്ഥലം പരിശോധിച്ച് കയ്യേറ്റം കണ്ടെത്തി മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നെങ്കിലും കയ്യേറി സ്വന്തമാക്കിയ സ്ഥലം വീണ്ടെടുക്കുന്നതിന് മെഡിക്കല്‍ കോളജ് ഭരണസമിതി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതികളുയരുന്നത്. മതില്‍ കെട്ടിയശേഷം റോഡ് നിര്‍മ്മിക്കുന്നതിനും പത്ത് മീറ്ററോളം സ്ഥലം വീണ്ടും കയ്യേറിയതായും താലൂക്ക് സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കയ്യേറിയ സ്ഥലം കയ്യേറ്റം ബോധ്യപ്പെട്ടിട്ടും വീണ്ടെടുക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രക്ഷോഭപരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ യോഗം അടുത്തമാസം നാലിന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വ്യക്തമായ കയ്യേറ്റമുണ്ടെന്ന് കടന്നപ്പള്ളി വില്ലേജ് അധികൃതരും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.