ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക് കര്‍ക്കിടക വാവ് : പിതൃപുണ്യം തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Sunday 23 July 2017 8:17 pm IST

കണ്ണൂര്‍:് കര്‍ക്കിടക വാവ് ദിവസമായ ഇന്നലെ ജില്ലയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. വാവ് ബലിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ത്തന്നെ ബലിതര്‍പ്പണത്തിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പയ്യാമ്പലത്ത് താവക്കര വലിയവളപ്പ് കാവ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് ഗോപാല്‍ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശ്രേഷ്ഠ ഭാരതസഭയുടെ ആഭിമുഖ്യത്തിലും ബലിതര്‍പ്പണം നടന്നു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ നടന്ന ബലികര്‍മ്മങ്ങള്‍ക്ക് രാജന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കെ.പി.ബാലകൃഷ്ണന്‍, എന്‍.കൃഷ്ണന്‍, കെ.പി.വിനോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബലിതര്‍പ്പണത്തിനെത്തിയവര്‍ക്കെല്ലാം സേവാഭാരതി കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്തു. തലശ്ശേരി: ശ്രീ തൃക്കൈശിവക്ഷേത്രത്തിന്റെയും തലായി ശ്രീ ബാലഗോപാലസേവാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തലായി സമുദ്രതീരത്ത് പിതൃതര്‍പ്പണം നടത്തും. വാസു എലാങ്കോടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍ ആയിരത്തിലധികം ആളുകള്‍ പങ്കെടുത്തു. ശ്രീ തൃക്കൈശിവക്ഷേത്ര സംരക്ഷണസമിതി അധ്യക്ഷന്‍ സി.കെ.ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി എം.രഞ്ചിത്ത്, ജോയന്റ് സെക്രട്ടറി വിജേഷ് വാടിക്കല്‍, ദേവസ്വം സെക്രട്ടറി പി.രഞ്ചന്‍ പാലയാട്, ട്രഷറര്‍ എസ്.കെ.ആര്‍.മല്ലര്‍, പി.കെ.സൂരഡ്, സുമിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാര്‍ത്തികപുരം: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കിടകവാവുബലിയും പിതൃതര്‍പ്പണവും നടത്തി. നൂറുകണക്കിന് ഭക്തജനങ്ങള്‍ ചടങ്ങിന് സന്നിഹിതരായി. ലക്ഷ്മികാന്ത അഗ്ഗിത്തായ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരിട്ടി: കര്‍ക്കിടക വാവിനോടനുബന്ധിച്ചു മലയോര മേഖലയിലെ പ്രശസ്ത ക്ഷേത്രങ്ങളായ കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രസങ്കേതത്തില്‍ ബലി തര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍. ക്ഷേത്രത്തോട് ചേര്‍ന്ന ബാവലി പുഴക്കരയില്‍ ഇതിനായി രണ്ടു ക്ഷേത്രങ്ങളും ചേര്‍ന്ന് സൗകര്യമൊരുക്കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചെറുവാഹനങ്ങളിലും മറ്റും ഭക്തജനങ്ങള്‍ കാലതത്ത് മുതല്‍ തന്നെ എത്തിക്കൊണ്ടിരുന്നു. വാഹനത്തിരക്ക് മൂലം ഇരിട്ടി എടക്കാനം റോഡിലും കീഴൂര്‍ എടക്കാനം റോഡിലും ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നത് മുന്നില്‍ക്കണ്ടു പ്രത്യേകം പാര്‍ക്കിങ് സംവിധാനമൊരുക്കിയിരുന്നതിനാല്‍ ഗതാഗതതടസ്സം കാര്യമായി അനുഭവപ്പെട്ടില്ല. ഇരിട്ടി പോലീസിന്റെയും പുഴക്കരയില്‍ അഗ്‌നി രക്ഷാസേനയുടെയും സേവനവും ഉണ്ടായിരുന്നു. ചടങ്ങുകള്‍ 11 മണിവരെ തുടര്‍ന്നു. ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് നീലകണ്ഠന്‍ നമ്പീശന്‍, എം.സുരേഷ് ബാബു, പി.കൃഷ്ണന്‍, എം.പ്രതാപന്‍, പി.രഘു, കരുണാകരന്‍, കുഞ്ഞിനാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ എത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഘുഭക്ഷണവും വിതരണം ചെയ്തു. ഇരിട്ടി എസ്എന്‍ഡിപിയുടെ കീഴിലുള്ള ഗുരുമന്ദിരങ്ങളിലും ക്ഷേത്രങ്ങളിലും ബലിതര്‍പ്പണം നടന്നു. കല്ലുമുട്ടി ശ്രീനാരായണഗുരു മന്ദിരത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ജയകുമാര്‍ ശാന്തികള്‍ കാര്‍മ്മികത്വം വഹിച്ചു. പി.എന്‍.ബാബു, കെ.വി.അജി, എ.എന്‍.സുകുമാരന്‍ മാസ്റ്റര്‍, കെ.കെ.സോമന്‍, വിജയന്‍ ചാത്തോത്ത്, പി.പി.കുഞ്ഞൂഞ്ഞ്, എം.പി.വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉളിക്കല്‍ ഗുരുമന്ദിരം, വീര്‍പ്പാട് കാനക്കരി സുബ്രഹ്മണ്യ ക്ഷേത്രം, മട്ടിണി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പന്തി ഗുരുമന്ദിരം, പയ്യാവൂര്‍ കോഴിച്ചാല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കേളകം മൂര്‍ച്ചിലക്കാട്ട് ദേവീ ക്ഷേത്രം, അടക്കാത്തോട് ആനയങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ഛബരം ശ്രീകൃഷ്ണ ക്ഷേത്രം, തലശ്ശേരി തൃക്കൈ ശിവക്ഷേത്രം,ജഗന്നാഥ ക്ഷേത്രം,മാമാനിക്കുന്ന മഹാദേവീ ക്ഷേത്രം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം, കൂത്തുപറമ്പ് തൃക്കൈ ക്ഷേത്രം,കൈതേരി ക്ഷേത്രം,മട്ടന്നൂര്‍ മഹാദേവ ക്ഷേത്രം, പെരുമണ്ണ് ചുഴലി ഭഗവതി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും വാവുനാളായ ഇന്നലെ വന്‍ ഭക്തജനതിരക്കായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.