വരയുടെ വലിയ തമ്പുരാന്‍

Wednesday 1 August 2012 7:40 pm IST

അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിക്കുന്നതിനും വായന തുടങ്ങുന്നതിനും മുമ്പ്‌ തന്നെ കുട്ടിക്കാലത്ത്‌ ഞാന്‍ താല്‍പ്പര്യത്തോടെ മറിച്ച്‌ നോക്കിയിരുന്ന ഒരു വാരികയുണ്ടായിരുന്നു. അതിലെ വാക്കുകള്‍ എനിക്ക്‌ അജ്ഞാതമായിരുന്നു. എന്നെ ആകര്‍ഷിച്ചിരുന്നത്‌ അതിലെ വരകളായിരുന്നു. അങ്ങനെയാണ്‌ 'ശങ്കേഴ്സ്‌ വീക്കിലി' എന്റെ ഓര്‍മ്മയിലെ ആദ്യപ്രസിദ്ധീകരണമാവുന്നത്‌. ഒരുപക്ഷെ, 'അമ്പിളി അമ്മാവനോ'ടും 'ചിലമ്പൊലി'യോടുമൊപ്പം. എനിക്കുവേണ്ടി മാത്രമാണ്‌ 'അമ്പിളി അമ്മാവനും' 'ചിലമ്പൊലി'യും വീട്ടില്‍ വരുത്തിയിരുന്നത്‌. അവ അച്ഛന്‍ മറിച്ചുപോലും നോക്കാറില്ലായിരുന്നു. അവ കുട്ടികളുടെ മാസികയായതിനാലാവാം അങ്ങനെയെന്ന്‌ പില്‍ക്കാലത്താണ്‌ എനിക്ക്‌ മനസ്സിലായത്‌. എന്നാല്‍ കുട്ടികളുടെ ആ മാസികകളിലെക്കാള്‍ രസകരമായ ചിത്രങ്ങളേറെ ഉണ്ടായിരുന്ന 'ശങ്കേഴ്സ്‌ വീക്കിലി' എന്നെപ്പോലെ തന്നെ താല്‍പ്പര്യത്തോടെ അച്ഛനും വായിക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതും കുട്ടികള്‍ക്കുള്ളതാണെന്നാണ്‌ അന്ന്‌ ഞാന്‍ ധരിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ അച്ഛന്‌ ആ വാരികയിലുള്ള താല്‍പ്പര്യം എന്നെ അക്കാലത്ത്‌ അത്ഭുതപ്പെടുത്തിയിരുന്നത്‌. വളരെക്കാലം വേണ്ടിവന്നു കാരണം കണ്ടെത്താന്‍, 'ശങ്കേഴ്സ്‌ വീക്കിലി'യെന്താണെന്നറിയാന്‍. വലിയ കാര്യങ്ങള്‍ വരയിലൂടെ അവതരിപ്പിച്ചിരുന്ന ആ പ്രസിദ്ധീകരണത്തിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന മഹാനായ ശങ്കരപ്പിള്ളയെ കുറിച്ചറിയാന്‍ വര്‍ഷങ്ങളേറെ വീണ്ടും വേണ്ടിവന്നു.
അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ തന്റെ പ്രിയപ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചപ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ ശങ്കരപ്പിള്ളയെ ശരിക്കും ഞാന്‍ അറിഞ്ഞത്‌. ഒരുപക്ഷെ ഞാന്‍ മാത്രമല്ല, എന്റെ തലമുറയില്‍പ്പെട്ട മറ്റു പലരും അദ്ദേഹത്തെ എല്ലാ അര്‍ത്ഥത്തിലും അറിയുന്നത്‌ കാല്‍ നൂറ്റാണ്ടിലേറെക്കാലം മുടക്കം കൂടാതെ വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന 'ശങ്കേഴ്സ്‌ വീക്കിലി'യുടെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കുന്നുവെന്ന്‌ അതിന്റെ പത്രാധിപര്‍ ശങ്കര്‍ എന്ന ശങ്കരപ്പിള്ള പ്രഖ്യാപിച്ചപ്പോഴാണ്‌. പൗരാവകാശങ്ങളും പത്രസ്വാതന്ത്ര്യവും നിഷേധിച്ച അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ഒരൊറ്റയാന്റെ അതിശക്തമായ പ്രതിഷേധവും അസന്ദിഗ്ദ്ധമായ വെല്ലുവിളിയുമായിരുന്നു അത്‌. ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ച്‌ ജൂണ്‍ ഇരുപത്തഞ്ചിന്‌ അര്‍ദ്ധരാത്രിയിലായിരുന്നല്ലൊ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്‌. ഒരു മാസത്തിനുള്ളില്‍ 'ശങ്കേഴ്സ്‌ വീക്കിലി' പ്രസിദ്ധീകരണം നിര്‍ത്തുന്നതായി അറിയിപ്പുണ്ടായി. ആ വര്‍ഷം ആഗസ്റ്റ്‌ മുപ്പത്തൊന്നിന്‌ പുറത്തിറങ്ങിയത്‌ അവസാന ലക്കമായിരുന്നു. തന്റെ അവസാന മുഖപ്രസംഗത്തില്‍ ശങ്കരപ്പിള്ള ഇങ്ങനെ എഴുതി- "ഇരുപത്തേഴ്‌ വര്‍ഷം മുമ്പ്‌ ഒരു മുഖപ്രസംഗത്തോടെയാണ്‌ ഞങ്ങള്‍ ആരംഭിച്ചത്‌. അവസാനിപ്പിക്കുന്നതും ഒരു മുഖപ്രസംഗത്തോടെ. ഏകാധിപത്യത്തില്‍ ചിരി താങ്ങാനാവില്ല. കാരണം ഏകാധിപതിയെ നോക്കി ജനം ചിരിക്കും." ഹിറ്റ്ലറുടെ ഭരണകാലത്ത്‌ ഒരിക്കലും ഒരു കോമഡിയോ പാരഡിയോ കാര്‍ട്ടൂണോ ഉണ്ടായിട്ടില്ലെന്നും ശങ്കരപ്പിളള ആ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വരയിലൂടെ വര്‍ഷങ്ങളായി താന്‍ നിരന്തരം പറഞ്ഞുവന്നിരുന്നതൊന്നും ഇനി പറയാനാവില്ലെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമായി. വരയിലൂടെ പറഞ്ഞിരുന്നത്‌ വരികള്‍ക്കിടയിലൂടെ അദ്ദേഹം അവസാനമായി പറഞ്ഞുവെച്ചു. മുഖപ്രസംഗത്തോടൊപ്പം കഴുതപ്പുറത്തിരുന്ന്‌ കൊട്ടിക്കൊണ്ടിരിക്കുന്ന ഒരാള്‍ അപ്രത്യക്ഷനാവുന്നതിന്റെ ഒരു ചിത്രവും 'ശങ്കേഴ്സ്‌ വീക്കിലി'യുടെ അവസാന ലക്കത്തില്‍ ശങ്കര്‍ വരച്ചിരുന്നു. "വിടവാങ്ങുന്നു വേദനയോടെ" എന്ന ശീര്‍ഷകത്തോടെ.
'ശങ്കേഴ്സ്‌ വീക്കിലി'ക്ക്‌ പകരം വയ്ക്കാന്‍ 'ശങ്കേഴ്സ്‌ വീക്കിലി' മാത്രം. ശങ്കറിന്‌ പകരം ശങ്കറും. അതുപോലെയൊരു പ്രസിദ്ധീകരണവും പത്രാധിപരും മുമ്പും പിമ്പും ഇന്ത്യയിലുണ്ടായിട്ടില്ല. ആരായിരുന്നു, എന്തായിരുന്നു ശങ്കരപ്പിള്ള എന്ന്‌ അദ്ദേഹത്തെക്കുറിച്ചറിയാത്ത ഇന്നത്തെ തലമുറ ചോദിച്ചാല്‍ അദ്ദേഹം ആരൊക്കെയോ എന്തൊക്കെയോ ആയിരുന്നെന്നാവും എന്റെ മറുപടി. അര്‍ജ്ജുനന്റേതുപോലെയായിരുന്നു അദ്ദേഹത്തിന്റെ ആവനാഴി. ശ്രീകൃഷ്ണന്റെ പോലെ ആയിരുന്നു അദ്ദേഹത്തിന്റെ കൗശലം. അദ്ദേഹം ഏല്‍പ്പിച്ചിരുന്ന ആഘാതത്തിന്റെ ശക്തി ഭീമന്റേതുപോലെയും. ധര്‍മ്മപുത്രരെ പോലെ ആയിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മബോധം. ഇനിയൊരു ശങ്കറൊ 'ശങ്കേഴ്സ്‌ വീക്കിലി'യൊ ഉണ്ടാവില്ലെന്നുറപ്പ്‌. അനേകം പ്രഗത്ഭരും പ്രശസ്തരുമായ കാര്‍ട്ടൂണിസ്റ്റുകളെ അദ്ദേഹം വളര്‍ത്തിയെടുത്തു. ഒ.വി.വിജയന്‍, അബു എബ്രഹാം, കുട്ടി, രങ്ക, ഗഫൂര്‍, യേശുദാസ്‌ എന്നിങ്ങനെ എത്രയെത്ര പ്രതിഭകള്‍. മലയാളികളോട്‌ അദ്ദേഹത്തിന്‌ പ്രത്യേകമായൊരു മമതയുണ്ടായിരുന്നു. ദല്‍ഹിയിലെ 'മലയാളികളുടെ അമ്പാസഡര്‍' എന്ന്‌ അദ്ദേഹം അക്കാലത്ത്‌ അറിയപ്പെട്ടിരുന്നു. 'ശങ്കേഴ്സ്‌ വീക്കിലി'യുടെ പത്രാധിപര്‍ ശങ്കരപ്പിള്ള, 'പേട്രിയട്ടി'ലെ എടത്തട്ട നാരായണന്‍, 'നാഷണല്‍ ഹെറാള്‍ഡി'ലെ ചലപതി റാവു എന്നിവരായിരുന്നു അന്ന്‌ ദല്‍ഹി മാധ്യമരംഗത്തെ ത്രിമൂര്‍ത്തികള്‍.
മിനിഞ്ഞാന്ന്‌ ശങ്കരപ്പിള്ളയുടെ നൂറ്റിപ്പത്താം ജന്മദിനമായിരുന്നു. കായങ്കുളത്തുകാരന്‍ ഇല്ലിക്കുളത്ത്‌ ശങ്കരപ്പിളളയാണ്‌ പില്‍ക്കാലത്ത്‌ ശങ്കര്‍ എന്നപേരില്‍ വരയുടെ തമ്പുരാനായത്‌. ക്ലാസിലിരുന്നുറങ്ങുമായിരുന്ന ഒരദ്ധ്യാപകനെയാണ്‌ ശങ്കര്‍ ആദ്യമായി വരച്ചത്‌. ക്ലാസ്‌ മുറിയിലിരുന്ന്‌ കാര്‍ട്ടൂണ്‍ വരച്ച ശങ്കരപ്പിളളയെ കയ്യോടെ പിടികൂടി ഹെഡ്മാസ്റ്റര്‍ ശിക്ഷിച്ചു. പിന്നീട്‌ മാവേലിക്കരയിലെ രവിവര്‍മ്മ സ്കൂളില്‍ അദ്ദേഹം ചിത്രകല അഭ്യസിക്കാന്‍ പോയി. ശങ്കരപ്പിളളയെ പത്രലോകത്തെത്തിച്ചത്‌ പ്രശസ്ത പത്രാധിപര്‍ പോത്തന്‍ ജോസഫാണ്‌. തുടക്കത്തില്‍ ബോംബെയിലെ പോത്തന്‍ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള 'ബോംബെ ക്രോണിക്കിളി'ലും പിന്നെ 'ഫ്രീ പ്രസ്‌ ജേണലി' ലും ഫ്രീലാന്‍സ്‌ കാര്‍ട്ടൂണിസ്റ്റ്‌. തുടര്‍ന്ന്‌ പോത്തന്‍ ജോസഫ്‌ ദല്‍ഹിയില്‍ 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ എഡിറ്ററായപ്പോള്‍ ശങ്കരപ്പിള്ളയെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായി അവിടെ നിയമിച്ചു. ദല്‍ഹിയിലെത്തിയ ശങ്കറിന്റെ വരയിലൂടെയുള്ള വിപ്ലവം അതോടെ തുടങ്ങി. കാലക്രമേണ കാര്‍ട്ടൂണ്‍ കലയുടെ ഇന്ത്യയിലെ കുലപതിയായി അദ്ദേഹം. ഇന്ത്യ സ്വതന്ത്രയായതിന്‌ തൊട്ടടുത്ത വര്‍ഷം, നാല്‍പ്പത്തെട്ട്‌ മേയില്‍ ശങ്കരപ്പിള്ള 'ശങ്കേഴ്സ്‌ വീക്കിലി' ആരംഭിച്ചു. ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു അഭ്യര്‍ത്ഥിച്ചത്രെ - "എന്നെ ഒരിക്കലും ഒഴിവാക്കരുത്‌ ശങ്കര്‍." നെഹ്‌റുവിനെ ശങ്കര്‍ വരയിലൂടെ നിരന്തരം വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരോടൊന്നിച്ച്‌ ഓടിത്തളര്‍ന്ന പ്രധാനമന്ത്രിയെ ശങ്കര്‍ വരച്ചവതരിപ്പിച്ചത്‌ നെഹ്‌റു മരിക്കുന്നതിന്‌ ഒരാഴ്ച മുമ്പ്‌ മാത്രമായിരുന്നു.
ശങ്കര്‍ അന്തരിച്ച്‌ ഏതാണ്ട്‌ കാല്‍ നൂറ്റാണ്ടിന്‌ ശേഷമാണ്‌ അദ്ദേഹം വരച്ച ഒരു കാര്‍ട്ടൂണ്‍ വിവാദമായത്‌. സ്വതന്ത്ര ഇന്ത്യയില്‍ ഭരണ കാര്യങ്ങള്‍ക്ക്‌ വേണ്ടത്ര വേഗതയില്ലെന്ന സന്ദേശമാണ്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും ഭരണഘടനാശില്‍പ്പി ഭീംറാവു അംബേദ്കറേയും കഥാപാത്രങ്ങളാക്കി ശങ്കര്‍ നാല്‍പ്പത്തൊമ്പതില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത്‌. കാലമേറെ കടന്നുപോയശേഷം, നെഹ്‌റുവും അംബേദ്കറും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞശേഷം, എന്‍സിഇആര്‍ടി ആ കാര്‍ട്ടൂണ്‍ പാഠപുസ്തകങ്ങളിലൊന്നില്‍ ഉള്‍പ്പെടുത്തി. വമ്പിച്ച പ്രതിഷേധമാണ്‌ ഇന്ത്യയിലുടനീളം ആ കാര്‍ട്ടൂണിനെതിരെ ഏതാനു മാസങ്ങള്‍ മുമ്പ്‌ ഉയര്‍ന്നത്‌. വിവാദകാര്‍ട്ടൂണിനെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങള്‍ മനസാ, വാചാ, കര്‍മ്മണാ ശങ്കര്‍ അന്ന്‌ അത്‌ വരയ്ക്കുമ്പോള്‍ ഉദ്ദേശിച്ചിരുന്നില്ല. വ്യക്തിഹത്യയ്ക്കുവേണ്ടിയുള്ള വര 'ദല്‍ഹി ഡെവിള്‍' എന്ന്‌ ചിലര്‍ വിശേഷിപ്പിച്ച ശങ്കറിന്‌ വശമില്ലായിരുന്നു. ചിരിയും ചിന്തയും സഹിഷ്ണുതയുമൊക്കെ ഇന്ത്യയിലുള്‍പ്പെടെ ലോകത്താകെ ജനങ്ങള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും കുറഞ്ഞുവരുന്നതായി 'ശങ്കേഴ്സ്‌ വീക്കിലി'യിലെ ഒരു മുഖപ്രസംഗത്തില്‍ ശങ്കര്‍ ആശങ്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആശങ്ക അസ്ഥാനത്തല്ല. അടുത്തകാലത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
ഹരി എസ്‌. കര്‍ത്താ


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.