ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

Monday 24 July 2017 8:08 am IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധിപറയും. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച അങ്കമാലി കോടതി പരിഗണിക്കും. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ പള്‍സര്‍ സുനി. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസ് ചരിത്രത്തിലെ ആദ്യ ലൈംഗിക അതിക്രമ ക്വട്ടേഷന്‍ കേസാണെന്നും സംഭവത്തിന്റെ സൂത്രധാരന്‍ ദിലീപാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി ശ്രീധരന്‍ നായര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എല്ലാ സാക്ഷിമൊഴികളും ദിലീപിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പ്രതികളും സാക്ഷികളും സിനിമാമേഖലയിലുള്ളവരായതിനാല്‍ ദിലീപ് പുറത്തിറങ്ങിയാല്‍ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് വാദം. മുദ്രവച്ച കവറില്‍ കേസ് ഡയറിയും ഹാജരാക്കിയിട്ടുണ്ട്. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും മറ്റു നാലുപേരെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പണം തട്ടാനായിരുന്നു സുനിയുടെ പദ്ധതി. ഇതിനായി പള്‍സര്‍ സുനിയെ സഹായിച്ചവരാണ് മറ്റു നാലുപേര്‍. സംഭവത്തില്‍ മറ്റ് ഗൂഡാലോചനകള്‍ ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. നടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ തെളിവെടുപ്പും പൂര്‍ത്തിയായി. സുനിയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.