വനവാസി കോളനിയില്‍ ഗുണ്ടാ ആക്രമണം

Sunday 23 July 2017 10:30 pm IST

കോതമംഗലം: നേര്യമംഗലം തലക്കല്‍ചന്തു വനവാസി സെറ്റില്‍മെന്റ് കോളനിയില്‍ പുറത്തുനിന്നെത്തിയ ഗുണ്ടകളുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ നാല് വനവാസികള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4 ഓടെയാണ് സംഭവം. കുടില്‍കെട്ടിയും നിരാഹാരവുമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്കുശേഷം മാസങ്ങള്‍ക്ക് മുമ്പാണ് വനവാസികള്‍ക്ക് വീട് വയ്ക്കാന്‍ ഇവിടെ സ്ഥലം അളന്ന് തിരിച്ച് നല്‍കിയത്. ഈ കോളനിയിലേക്ക് ഊരുമൂപ്പന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വഴിവെട്ടുന്നതിനിടെ മാമലക്കണ്ടത്തുള്ള 12ഓളം ഗുണ്ടകള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു. പരിക്കേറ്റ ബാബു ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. അല്‍പ സമയത്തിനുശേഷം ഗുണ്ടാസംഘം വീണ്ടുമെത്തി വനവാസികളെ ആക്രമിക്കുകയായിരുന്നു. അറക്കപ്പറമ്പില്‍ ഷാജി, പുത്തന്‍വീട്ടില്‍ മിനി എന്നിവര്‍ക്ക് കത്തിക്കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി ദിനുവിന് ചവിട്ടേറ്റതിനെതുടര്‍ന്ന് ബോധം നഷ്ടപ്പെട്ടു. മിനിയുടെ ഭര്‍ത്താവ് വിനോദിനും പരിക്കുണ്ട്. ഇവര്‍ നാലുപേരും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.