14.5 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി

Monday 24 July 2017 9:27 am IST

കൊല്‍ക്കത്ത: ബീഹാര്‍ അതിര്‍ത്തി വഴി പശ്ചിമ ബംഗാളിലേക്ക് കൊണ്ടുവരികയായിരുന്ന 14.5 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. പശ്ചിമ ബംഗാളിലെ ഡാര്‍ജലിങ് ജില്ലയില്‍ മുരാരിഗച്ച്‌ ചെക്ക് പോസ്റ്റില്‍ ആണ് പരിശോധന നടന്നത്. അതിര്‍ത്തിയില്‍ സഹസ്ത്ര സീമാ ബല്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 2.9 കിലോ ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ബിഹാറിലെ കൃഷ്ണഗഞ്ച് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. ഭുലി ബിബി, ബുദ്ധദേവ് ബിശ്വാസ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഡാര്‍ജലിങ് സ്വദേശികളാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സിലിഗുരിയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണിതെന്ന് അവര്‍ പോലീസിന് മൊഴി നല്‍കി. ആവശ്യക്കാര്‍ക്ക് ഇവര്‍ നേരിട്ട് വിതരണം ചെയ്യുകയായിരുന്നു പതിവ്. വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണിവരെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ബിഹാറില്‍ നിന്നും വന്ന വാഹനം പരിശോധിച്ചപ്പോഴാണ് ഇത്രയും മയക്കുമരുന്ന് കണ്ടെത്തിയത്. എഎസ്‌എസ് ജവാന്മാര്‍ക്കൊപ്പം നാര്‍ക്കോട്ടിക് സെല്ലും പരിശോധനയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.