മാലിന്യ മുക്ത സ്വച്ഛഹരിത നഗരമാവാന്‍ പാലക്കാട് നഗരസഭ

Monday 24 July 2017 9:56 pm IST

പാലക്കാട്: മാലിന്യ മുക്ത സ്വച്ഛ ഹരിതനഗരം പദ്ധതി പ്രാവര്‍ത്തികമാവുന്ന സപ്തംബര്‍ ഒന്നു മുതല്‍ നഗരത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗ് അനുവദിക്കില്ലെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ വീടുകളിലും തുണി സഞ്ചി നല്‍കും. 45,000 വീടുകളിലാണ് സ്‌പോണ്‍സര്‍മാര്‍ വഴി സൗജന്യ തുണി സഞ്ചി നല്‍കാന്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി നഗരസഭയും കുടുംബശ്രീ സിറ്റി ക്ലീന്‍ സംവിധാനം വഴിയും വീടുകളില്‍ നിന്നും നിത്യേന ജൈവമാലിന്യം സ്വീകരിക്കുന്ന സംവിധാനം നിര്‍ത്തലാക്കും. ആഴ്ചയില്‍ ഒരിക്കല്‍ അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കും. ഇതിന് സിറ്റി ക്ലീന്‍ യൂണിറ്റിന് വീട് ഒന്നിന് 75 രൂപ മാസം നല്‍കണം. നൂറു ശതമാനം ഉറവിട മാലിന്യ സംസ്‌കരണമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 45,000 വീടുകളുള്ളതില്‍ 5000 വീടുകളിലേ ഇതിനുള്ള സംവിധാനമുള്ളു. വീടിന് അനുയോജ്യവും ചെലവുകുറഞ്ഞതുമായ മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി പ്രദര്‍ശന വിപണന മേള നടത്തും. 26, 27 തിയതികളില്‍ ടൗണ്‍ഹാള്‍ അനക്‌സിലാണ് മേള.പ്രസ്തുത പദ്ധതിയ്ക്കായി 750-1500 രൂപ വരെയാണ് ചെലവ്. ഇതിന് സബ്‌സിഡി ഉണ്ടായിരിക്കുന്നതല്ല. ഉറവിടമാലിന്യസംസ്‌ക്കരണ രീതി നടപ്പിലാക്കാന്‍ സാധിക്കാത്ത ഇടങ്ങളില്‍ മാലിന്യസംസ്‌കരണത്തിനായി ഏറോബിക് മാതൃക, തുമ്പൂര്‍മുഴി പോലുള്ളവ നടപ്പിലാക്കും. ആറ് ഹെല്‍ത്ത് ഡിവിഷന്‍ പരിധികളിലും ഓരോന്ന് വീതമാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 40 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ആറു ഡിവിഷനുകളില്‍ സ്ഥലം കണ്ടെത്തി. ഒന്നാം ഡിവിഷനില്‍ സുന്ദരംകോളനിയിലും രണ്ടാം ഡിവിഷനില്‍ ബി.ഒ.സി റോഡില്‍ നിലവിലെ മാലിന്യ േശഖരിക്കുന്ന സ്ഥലം, ഡിവിഷന്‍ മൂന്നില്‍ ചക്കാന്തറ ചിന്മയ നഗര്‍, ഡിവിഷന്‍ നാലില്‍ വിത്തുള്ളിയിലെ മാലിന്യ കേന്ദ്രത്തിന് സമീപം, ഡിവിഷന്‍ അഞ്ചില്‍ സ്റ്റേഡിയം ഗ്രൗണ്ട് പരിസരം, ഡിവിഷന്‍ ആറില്‍ ജില്ല വെറ്ററിനറി ആശുപത്രിക്ക് സമീപവുമാണ് മാലിന്യ കേന്ദ്രം സ്ഥാപിക്കുക. പുതിയതായി 50 ഗ്രീന്‍ സ്‌ക്വയറുകള്‍ കൂടി പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും നഗരത്തില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ 25000 രൂപ പിഴയും ആറുമാസം വരെ തടവും ലഭിക്കും. 14 ലക്ഷം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് തുക കണ്ടെത്തി നഗരത്തില്‍ ഏറ്റവുമധികം മാലിന്യം നിക്ഷേപിക്കുന്ന പത്തുസ്ഥലങ്ങളില്‍ സിസിടിവി സ്ഥാപിക്കും.ജില്ലാ കളക്ടര്‍, ജില്ലാപോലീസ് മേധാവി, സിഐ, നഗരസഭ ചെയ്‌പേഴ്‌സണ്‍ തുടങ്ങിയവര്‍ക്ക് ഓഫീസില്‍ ഇരുന്നുതന്നെ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. പഞ്ചായത്തുകളില്‍ നിന്നുള്ള മാലിന്യം നഗരസഭാപരിധിയില്‍ നിക്ഷേപിക്കുന്നതു തടയാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ അതിര്‍ത്തിയില്‍ പരിശോധന നടത്തും. മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താനായി പ്രദര്‍ശന വിപണനമേളയുമായി ബന്ധപ്പെട്ട മുപ്പതിനായിരം നോട്ടീസുകള്‍ സ്‌കൂളുകള്‍ വഴി വിതരണം ചെയ്തു. വ്യാപക ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നതെന്ന് വൈസ് ചെയര്‍മാന്‍ സി..കൃഷ്ണകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.