പുഴകടന്ന് ആനവണ്ടി

Monday 24 July 2017 10:31 pm IST

പിറവം ഡിപ്പോയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ വേണം പിറവം: അന്തരിച്ച മുന്‍ മന്ത്രി ടി.എം. ജേക്കബ്ബിന്റെ ഭരണനേട്ടങ്ങളിലൊന്നായിരുന്നു പിറവം കെഎസ്ആര്‍ടിസി ഡിപ്പോ. തുടങ്ങിയ കാലത്ത് ഡിപ്പോയില്‍ സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും പിന്നീട് ഒരുപരിധിവരെ അത് പരിഹരിക്കുവാന്‍ സാധിച്ചിരുന്നു. വര്‍ഷക്കാലമായാല്‍ വെള്ളക്കെട്ട്മൂലം യാത്രക്കാര്‍ക്ക് ബസില്‍ കയറുവാന്‍ ബുദ്ധിമുട്ടാണ്. ഡിപ്പോയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം ഇതുവരെ അധികൃതര്‍ ചെവികൊണ്ടിട്ടില്ല. സ്ത്രീകള്‍ക്കുമാത്രമായി ശൗചാലയം ഇല്ല. ഡിപ്പോയില്‍ യാത്രക്കാര്‍ കുറവാണെങ്കിലും ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല. ബസ് കത്തുനില്‍ക്കുന്നവര്‍ ഡിപ്പോയുടെ പ്രവേശനകവാടത്തില്‍ കാത്തുനില്‍ക്കുകയാണ് പതിവ്. തെരുവ്‌നായ്ക്കളുടെ ശല്യം രൂക്ഷമാകാറുണ്ട്. കെഎസ്ആര്‍ടിസി ഡിപ്പോയുടെ പരിസരത്ത് രാത്രികാല പോലീസ് സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. മൂവാറ്റുപുഴയില്‍ യാത്രക്കാര്‍ പെരുവഴിയില്‍ മൂവാറ്റുപുഴ: രണ്ട് വര്‍ഷം പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ പെരുവഴിയിലും യാത്രക്കാര്‍ ദുരിതത്തിലും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി നിര്‍മ്മാണത്തിനായി 8കോടിയോളം രൂപ അനുവദിച്ചിരുന്നു. ബസ്സുകള്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൗകര്യവും യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സ്റ്റാന്റും 100ഓളം മുറികളും സജ്ജീകരിച്ച് വ്യാപാര സമുച്ചയങ്ങളും ഉള്‍പ്പെടുന്ന മാസ്റ്റര്‍ പ്ലാന്‍ ആണ് വിഭാവനം ചെയ്തിരുന്നത്. മുറികള്‍ ലേലം ചെയ്ത വകയില്‍ 4കോടിയോളം രൂപ കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചു. പുതിയ സര്‍ക്കാര്‍ വന്നതോടെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ നിര്‍മ്മാണം മന്ദഗതിയിലായി. മുറികള്‍ ലേലം ചെയ്ത് കരാറെഴുതിയവര്‍ക്കാകട്ടെ വ്യാപാരസ്ഥാനപങ്ങള്‍ തുടങ്ങുവാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ കെഎസ്ആര്‍ടിസിയുടെ വാഗ്ദാന ലംഘനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോയിരിക്കുകയാണ്. ബസ്സ്റ്റാന്റ് പരിസരമാകെ വെള്ളക്കെട്ടും ചെളിയും കലര്‍ന്ന് ബസ്സില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലാണ്. സര്‍വീസ് ബസ്സുകളെല്ലാം എംസി റോഡില്‍ യാത്രക്കാര്‍ക്കായി കാത്തുകിടക്കേണ്ട സ്ഥിതിയിലാണ്. യാത്രക്കാര്‍ക്കാകട്ടെ മഴയും വെയിലുമേറ്റ് ഫുട്പാത്തുകളിലും കടത്തിണ്ണയില്‍ കയറിനിന്നുവേണം ബസ്സില്‍ കയറിപ്പറ്റുവാന്‍. സര്‍വീസ് പൂര്‍ത്തിയാക്കി വരുന്ന ബസ്സുകള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഒതുക്കേണ്ട അവസ്ഥയാണ്. ദൂരയാത്രക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുന്നില്ല. പഴയ സെപ്റ്റിക് ടാങ്കുകള്‍ പൊട്ടിയൊലിച്ചും ദുര്‍ഗന്ധം പരന്നും പരിസരമാകെ മലീമസമാണ്. കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്‌ഷോപ്പുകളും സര്‍വീസ് സ്റ്റേഷനുകളും കരി ഓയില്‍കലര്‍ന്ന വെള്ളക്കെട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഇതുമൂലം നൂറുകണക്കിന് ജീവനക്കാര്‍ ദുരിത്തത്തിലാണ്. നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ഒരുവര്‍ഷമായി പ്രസ്താവന ഇറക്കുന്ന സ്ഥലം എംഎല്‍എയ്ക്കും ഒന്നും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥവന്നതോടെ മൂവാറ്റുപുഴ നഗരവികസനത്തിനും യാത്രക്കാരുടെ ഉന്നമനത്തിനും പ്രയോജനപ്പെടുന്ന കെഎസ്ആര്‍ടിസി സബ്ഡിപ്പോ യുടെ സ്ഥിതി ദയനീയമാണ്.   കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോക്ക് ഇല്ലായ്മകളേറെ കോതമംഗലം: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വന്ന് പോകുന്ന കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പോരായ്മകള്‍ ഒട്ടേറെ. ഹൈറേഞ്ചിന്റെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോതമംഗലത്തേക്ക് ഹൈറേഞ്ചില്‍ നിന്നും വിവിധ ആദിവാസി കുടിയില്‍ നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധി യാത്രക്കാരാണ് വന്ന് പോകുന്നത്. എന്നാല്‍ കോതമംഗലം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യത്തിന് ശുചി മുറികളില്ലെന്നുള്ളത് ഏറ്റവും വലിയ കുറവാണ്. മൂത്രപ്പുരകള്‍ വേണ്ടത്ര വൃത്തിയില്ലത്തത് ദുര്‍ഗന്ധത്തിന് കാരണമാകുന്നു. വലിയ മഴ പെയ്യുന്ന സമയത്ത് യാത്രക്കാര്‍ക്ക് നനയാതെ ബസ്സില്‍ കയറുന്നതിനുള്ള സൗകര്യം പൂര്‍ണ്ണതോതില്‍ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡിപ്പോയില്‍ വരുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ല. ആദിവാസി മേഖലകളിലേക്കുള്ള ട്രിപ്പുകള്‍ രാത്രി കാലങ്ങളില്‍ മുടങ്ങുന്നത് പതിവാണ്. തങ്കളത്തെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടം കുളമായി മാറി. മൂവാറ്റുപുഴ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിലാണ് വലിയകുഴി രൂപപ്പെട്ടിട്ടുള്ളത്. മലിനജലം തളംകെട്ടി കിടക്കുന്ന കുഴിമറികടന്നു വേണം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍. മഴക്കാലം തുടങ്ങിയതിനു മുന്‍പ് രൂപപ്പെട്ട കുഴി ഇപ്പോള്‍ വലിയ കുളമായി മാറി. അപകടകെണിയായി തുടരുന്ന കുഴി അടയ്ക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. തോന്നുന്ന സമയത്ത് തോന്നുന്ന വഴി ഓടി കൂത്താട്ടുകുളത്ത് സര്‍ക്കാര്‍ ബസുകള്‍ കൂത്താട്ടുകുളം: സര്‍ക്കാര്‍ വക ബസുകള്‍ കൂത്താട്ടുകുളത്ത് സമയം തെറ്റിയും തോന്നുന്ന വഴിയിലൂടെ പായിച്ചും ചീറിപ്പായുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ ഗതാഗത നിയമം തെറ്റിച്ച് ഓടുന്നതുമൂലം അപകട സാധ്യത ഏറി വരുകയാണ്. എംസി റോഡില്‍ കോട്ടയം ഭാഗത്തു നിന്നുവരുന്ന ബസുകള്‍ ടൗണ്‍ പാലത്തില്‍ നിന്ന് നടപ്പുറം ബൈപ്പാസ് റോഡില്‍ പ്രവേശിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തണമെന്നാണ് തീരുമാനം. ഡിപ്പോയില്‍ നിന്ന് പുറത്തേക്കുപോകുന്ന ബസുകള്‍ മാര്‍ക്കറ്റ് റോഡിലെത്തി സെന്‍ട്രല്‍ കവല വഴി തൃശ്ശൂര്‍ ഭാഗത്തേക്കും കോട്ടയം ഭാഗത്തേക്കുമാണ് പോകേണ്ടത്. എന്നാല്‍ മൂവാറ്റുപുഴ ഭാഗത്തു നിന്ന് കോട്ടയം, പാലാ, വൈക്കം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ ചിലത് ഡിപ്പോയില്‍ എത്തിയ ശേഷം ഗതാഗത നിയമം തെറ്റിച്ച് നടപ്പുറം ബൈപ്പാസ് റോഡിലൂടെ എംസി റോഡില്‍ പ്രവേശിക്കുന്നു. കഷ്ടിച്ച് ഒരു വലിയ വാഹനത്തിനും ഒരു ചെറിയ വാഹനത്തിനും മാത്രം സമാന്തരമായി കടന്നുപോകുന്നതിനുള്ള വീതിയേ ഈ റോഡിനുള്ളു. എതിര്‍ദിശകളില്‍ നിന്നായി ഒരുമിച്ച് രണ്ടു ബസുകള്‍ എത്തുന്നതോടെ ഇവിടെ യാത്രക്കുരുക്കുണ്ടാകുന്നു. ടൗണ്‍ തോടിനോട് ചേര്‍ന്നുള്ള ഭാഗത്താണ് ബൈപ്പാസ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ബലക്ഷയമുള്ള ടൗണ്‍ തോടിന്റെ ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാത ഒരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ ഒരുമിച്ചെത്തിയപ്പോള്‍ റോഡിന് ചേര്‍ന്നുള്ള നടപ്പാതയിലൂടെയാണ് ബസ് കയറ്റി കൊണ്ടുപോയത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. നടപ്പാതയോട് ചേര്‍ന്ന് ബസുകള്‍ പോകുന്നത് റോഡിന്റെ സുരക്ഷയേയും ബാധിക്കുന്നുവെന്ന് പരാതിയുണ്ട്. ഡിപ്പോയിലെത്തുന്ന ദീര്‍ഘദൂര ബസുകള്‍ക്ക് കൂത്താട്ടുകുളം ടൗണിലൂടെ കടന്നുപോകേണ്ടത് എങ്ങനെയെന്ന് അറിയിക്കുന്നതിന് ഡിപ്പോയില്‍ നിന്ന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഡിപ്പോയില്‍ നിന്ന് ബൈപ്പാസ് റോഡിലേക്ക് ബസുകള്‍ കയറുന്നത് നിരോധിച്ചുകൊണ്ടുള്ള സൂചനാ ബോര്‍ഡും സ്ഥാപിക്കേണ്ടതാണ്. ബസുകളുടെ സമയക്രമത്തില്‍ ഇപ്പോഴും പരാതികളുണ്ട്. കൂത്താട്ടുകുളം-പാലാ റൂട്ടിലോടുന്ന ബസുകള്‍ സ്വകാര്യബസുകളുടെ സമയത്തിന് ശേഷമാണ് പലപ്പോഴും എത്തുന്നതെന്ന ആക്ഷേപമുണ്ട്. ഡിപ്പോയിലുള്ള ശൗചാലയത്തിന്റെ നില ദയനീയമാണ്. പലപ്പോഴും വെള്ളമില്ലാത്ത അവസ്ഥയാണിവിടെ. ദുര്‍ഗന്ധം മൂലം സ്റ്റാന്റ് പരിസരത്ത് മൂക്കു പൊത്തിയാണ് പലരും നടന്നുനീങ്ങുന്നത്. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരാജയമായി മാറുന്നത് ഇവിടെയാണ്.   ാേ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.