തിരുവനന്തപുരം: അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടുവരുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അമിതപലിശക്കാര്‍ക്കെതിരെ സംസ്ഥാനത്ത് 2016 മെയ് 25 മുതല്‍ 2017 ജൂലൈ 23വരെ 314 റെയ്ഡുകള്‍ നടത്തി. 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്ലാങ്ക് ചെക്ക് ലീഫ്, മുദ്രപ്പത്രം, ആര്‍സി ബുക്കുകള്‍ തുടങ്ങി അനധികൃതമായി സൂക്ഷിച്ച രേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അനധികൃതമായി കൈവശം വച്ച 84 ലക്ഷത്തോളം രൂപയും കണ്ടെടുത്തു. അമിത പലിശക്കാരുടെ സഹായത്തിനെത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെയും പോലീസ് നിരീക്ഷണം ശക്തമാക്കുകയും സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഗുണ്ടാവിരുദ്ധ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
പൊതുജനങ്ങള്‍ക്ക് ബ്ലെയ്ഡ് മാഫിയയുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിവരങ്ങളും അമിതപലിശ സംബന്ധിച്ച പരാതികളും 24 മണിക്കൂറും 8547546600 എന്ന നമ്പരില്‍ അറിയിക്കാം.
സംസ്ഥാന വ്യാപകമായി ബ്ലെയ്ഡ് പലിശക്കാരുടെ സ്ഥാപനങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെയുംപോലീസ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലുള്ള നിയമപരമായ കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരും. ബ്ലെയ്ഡ് മാഫിയക്കാരുടെ ചൂഷണത്തെക്കുറിച്ചും വായ്പാകാര്യങ്ങള്ക്ക് അംഗീകൃത ഏജന്‍സികളെ സമീപിക്കണമെന്നതിനെക്കുറിച്ചും ജനമൈത്രി പോലീസിനെ ഉപയോഗിച്ച് ബോധവത്കരണം നടത്തുമെന്നും ബെഹ്റ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: