സംഝോത സ്ഫോടനത്തിന് പിന്നില്‍ പാക്കിസ്ഥാന്‍; തെളിവുകള്‍ പുറത്ത്

Tuesday 25 July 2017 3:21 pm IST

ന്യൂദൽഹി : യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന സംഝോത ട്രെയിൻ സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാനാണെന്നതിന്റെ തെളിവുകൾ പുറത്ത്. സിമി നേതാവ് സഫ്ദർ നഗോരിയുടെ നാർകോ അനാലിസിസ് ടെസ്റ്റിന്റെ വിവരങ്ങൾ ഒരു ദേശീയ മാദ്ധ്യമമാണ് പുറത്തുവിട്ടത്. സിമിയുടെ പ്രവർത്തകനായ അബ്ദുൾ റസാഖാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും പാകിസ്ഥാൻ പിന്തുണയോടെയാണ് സ്ഫോടനം നടത്തിയതെന്നും നഗോരി പറഞ്ഞു. സിമിയിൽ നിന്ന് മാറി നിന്നതിനു ശേഷം പാകിസ്ഥാൻ നൽകുന്ന പണം താൻ ആഡംബര ജീവിതം നയിക്കാൻ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് അബ്ദുൾ റസാഖ് സ്വന്തം നിലയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതെന്നും നഗോരി പറഞ്ഞു. ലഷ്കർ ഇ തോയ്ബയുമായുള്ള ബന്ധവും നഗോരി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ലഷ്കറിൽ നിന്ന് താൻ ഒരു തോക്ക് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അത് ലഭിച്ചിരുന്നില്ലെന്നും നഗോറി വീഡിയോയിൽ പറയുന്നു. സംഝോത സ്ഫോടനത്തിന് പിന്നിൽ പാക് അനുകൂല സംഘടനകളല്ലെന്നുള്ള യുപിഎ സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ വാദം ഇതോടെ പൊളിയുകയാണ്. സംഝോധ സ്ഫോടനത്തിന്‌ പിന്നില്‍ പാക്കിസ്ഥാനാണെന്നതിന്റെ നിരവധി തെളിവുകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ 2009 ജൂണില്‍ പാസാക്കിയ പ്രമേയത്തില്‍ സംഝോധ സ്ഫോടനത്തിന്‌ പിന്നില്‍ അല്‍ഖ്വയ്ദയും പാക്കിസ്ഥാനുമാണെന്ന്‌ വ്യക്തമാക്കിയിരുന്നു. 2009 ജൂലൈയില്‍ അമേരിക്കന്‍ ധനകാര്യവകുപ്പ്‌, ലഷ്കര്‍-ഇ-തൊയ്ബ ചീഫ്‌ കോര്‍ഡിനേറ്റര്‍ പണവും അല്‍ഖ്വയ്ദ ആളുകളേയും സംഝോധ സ്ഫോടനത്തിനായി നല്‍കിയതായി പ്രസ്താവിച്ചിരുന്നു. പാക്കിസ്ഥാന്‍ ഭീകരവാദികളെ സ്ഫോടനത്തിനായി വാടകക്ക്‌ എടുത്തിരുന്നതായി പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ 2010 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തില്‍ പങ്കുണ്ടായിരുന്ന ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലിയുടെ മൂന്നാം ഭാര്യ ഫൈസ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ താന്‍ അറിയാതെ സംഝോത സ്ഫോടനത്തില്‍ ഭാഗമാകുകയായിരുന്നുവെന്ന്‌ വ്യക്തമാക്കിയിരുന്നു. സിമി നേതാക്കളെ 2007ല്‍ നാര്‍ക്കോ പരിശോധനയ്ക്ക്‌ വിധേയമാക്കിയപ്പോള്‍ തങ്ങള്‍ പാക്കിസ്ഥാനികള്‍ക്ക്‌ സ്ഫോടനം നടത്താന്‍ സഹായം ചെയ്തതായി പറഞ്ഞിരുന്നു.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.