ഡോവലുമായി ചര്‍ച്ചയ്ക്ക് സാധ്യത തള്ളാതെ ചൈന

Tuesday 25 July 2017 4:25 pm IST

ബീജിങ്: നാളെ ബീജിങ്ങില്‍ തുടങ്ങുന്ന ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടകന്മാരുടെ യോഗത്തിനിടെ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചൈന ചര്‍ച്ച നടത്തിയേക്കും. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജെയ്ച്ചിയുമായുള്ള ചര്‍ച്ചയ്ക്കാണ് വഴിതുറക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുള്‍പ്പെട്ടതാണ് ബ്രിക്‌സ്. നാളെ മുതല്‍ 28 വരെയാണ് യോഗം. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ നിലപാട് കടുപ്പിച്ച് നില്‍ക്കുന്നതിനിടെയുള്ള വാര്‍ത്തകള്‍ പ്രശ്‌നം തണുപ്പിക്കുന്നതിന്റെ സൂചനയാണെന്ന് നയതന്ത്ര വിദഗ്ധര്‍ കരുതുന്നു. സിക്കിം അതിര്‍ത്തിയിലെ ദോക്‌ലാമില്‍ ഇന്ത്യ കടന്നു കയറിയെന്നാണ് ചൈനയുടെ ആരോപണം. എന്നാല്‍, അവിടെ ഇന്ത്യന്‍ പ്രദേശത്തേക്ക് കയറി റോഡ് നിര്‍മിച്ച ചൈനീസ് പട്ടാളത്തെ തടയുക മാത്രമാണുണ്ടായതെന്ന് ഇന്ത്യ പറയുന്നു. അതേസമയം, ചൈനീസ് പ്രസിഡന്റ് സി ജിങ്പിങ്ങിന്റെയും പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്റെയും ജന്മദിനത്തിന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടിയിരുന്നു. സിയുടെ ജന്മദിനം ജൂണ്‍ 15നും ലിയുടേത് ഈ മാസം ഒന്നിനുമായിരുന്നു. ട്വിറ്ററിന്റെ ചൈനീസ് പതിപ്പ് വെയ്‌ബോയിലൂടെയായിരുന്നു മോദിയുടെ ആശംസകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.