ഈരാറ്റുപേട്ടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

Tuesday 25 July 2017 7:06 pm IST

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തെക്കേക്കര പാലത്തില്‍ അഞ്ചിടത്ത് പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ് ആധുനികരീതിയില്‍ ടാറിംഗ് നടത്തുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട ടൗണിലെ ജലസേചനവകുപ്പിന്റെ പൈപ്പുകള്‍ മാറ്റിയിടുന്നതിനായി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ മാറ്റിസ്ഥാപിച്ചിരുന്നു. പിന്നീട് ജലവിതരണം പുനഃസ്ഥാപിച്ചപ്പോഴാണു പലയിടത്തും കുടിവെള്ളം പാഴാകുന്നത്. വെള്ളം ശക്തിയായി റോഡിലൂടെ ഒഴുകുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ മോട്ടോര്‍ കേടായതുമൂലം ഒരു മാസക്കാലമായി അരുവിത്തുറ, കൊണ്ടൂര്‍, കോളജ് റോഡ്, ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. ഹൗസ് കണക്ഷന്‍ എടുത്തവരും ടൗണിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ മാത്രമുള്ളവരും ബുദ്ധിമുട്ടിലായിരുന്നു. പൈപ്പ് മാറ്റിയിടീല്‍ പൂര്‍ത്തീകരിച്ച് ജലവിതരണം പുനരാരംഭിച്ചപ്പോള്‍ നിരവധി സ്ഥലങ്ങളിലാണു പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മഴക്കാലമായതിനാല്‍ പൊട്ടിയ പെപ്പിലൂടെ മലിനജലവും രോഗാണുക്കളും കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയുമുണ്ട് ജനങ്ങള്‍ക്ക്. പൈപ്പ് പൊട്ടി തെക്കേക്കര പാലത്തില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വഴിയാത്രക്കാര്‍ വെള്ളത്തില്‍ കുളിക്കേണ്ട ഗതികേടിലാണ്. കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.