കട്ടപ്പന നഗരസഭില്‍ ബഹളം; പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി

Tuesday 25 July 2017 8:11 pm IST

കട്ടപ്പന: പദ്ധതികളില്‍ അഴിമതിയും മറ്റും ആരോപിച്ച് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. തുടര്‍ന്ന് വിവിധ കാര്യങ്ങളിലുള്ള വിയോജനം മിനിറ്റ്‌സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്തും നല്‍കി. 15 അംഗങ്ങള്‍ ബഹിഷ്‌കരിച്ചെങ്കിലും ഭരണകക്ഷി അംഗങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗം തുടരുകയും തീരുമാനമെടുക്കുകയും ചെയ്തു. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കാതെയാണ് കേരള ഹെല്‍ത്ത് റിസര്‍ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയെ താലൂക്ക് ആശുപത്രിയില്‍ 16 ലക്ഷം രൂപ മുടക്കി ഫ്രീസര്‍ മോര്‍ച്ചറി നിര്‍മിക്കാന്‍ ഏല്‍പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. 500 ചതുരശ്രയടിയില്‍ താഴെ മാത്രം വിസ്തീര്‍ണ്ണമുള്ളതും പില്ലര്‍ ഇല്ലാത്തതുമായ കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇത് പൂര്‍ത്തിയാകും മുന്‍പ് 16 ലക്ഷം രൂപയും മാറിയെടുത്തതിനാല്‍ നിര്‍മ്മാണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണം,തെരുവ് വിളക്കുകള്‍ എല്‍ഇഡി ലൈറ്റുകളാക്കി മാറ്റാന്‍ ഏജന്‍സിയെ ഏല്‍പിക്കാനുള്ള തീരുമാനം മാറ്റി ഓപ്പണ്‍ ടെന്‍ഡര്‍ ക്ഷണിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്ലോട്ടര്‍ ഹൗസിലെ ജനറേറ്റര്‍ നന്നാക്കാന്‍ പണം അനുവദിക്കാനുള്ള അജണ്ടയിലും പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. തെരുവ് വിളക്കുകള്‍ എല്‍ഇഡി ലൈറ്റിലേയ്ക്ക് മാറ്റുന്നതിനായുള്ള അജണ്ട അടുത്ത യോഗത്തിലേയ്ക്ക് മാറ്റി. ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ കരട് ലിസ്റ്റ് അംഗീകാരത്തിനായി കൗണ്‍സില്‍ അംഗീകാരത്തിനായി അവതരിപ്പിച്ചെങ്കിലും പട്ടിക സ്വീകാര്യമല്ലെന്നും അപാകത പരിഹരിച്ച് നടപടി സ്വീകരിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. നഗരസഭാ മേഖലയില്‍ പ്ലാസ്റ്റിക് സഞ്ചികളും കവറുകളും നിരോധിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.