കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്ക് നശിക്കുന്നു

Tuesday 25 July 2017 8:11 pm IST

കാഞ്ഞാര്‍: കാഞ്ഞാര്‍ വാട്ടര്‍ തീം പാര്‍ക്ക് കാട്കയറി നശിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഉപേക്ഷിച്ചതോടെ പാര്‍ക്കിന്റെ പരിപാലനം മുടങ്ങി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംയോജിത നീര്‍ത്തട പരിപാലന പദ്ധതി പ്രകാരം നിര്‍മ്മിച്ച പാര്‍ക്കാണ് കാടുകയറുന്നത്. 2015 ഒക്ടോബറിലാണ് പുഴയോരം സുന്ദരമാക്കുന്നതിന് വഴിയോര പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. പൂന്തോട്ടവും തണല്‍മരങ്ങളും പിടിപ്പിച്ച് ആകര്‍ഷകമാക്കിയിരുന്നു. എന്നാല്‍ പാര്‍ക്കിന്റെ പൂര്‍ത്തീകരണത്തിനുള്ള ഫണ്ട് അനുവദിക്കാതായതോടെ പണി പാതിവഴിയിലായി. തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയോരത്താണ് മലങ്കര ജലാശയത്തിനരികെ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇടുക്കി-വാഗമണ്‍ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ഇടത്താവളമായി വഴിയോര പാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നീട് ഈ വഴിയോര ഉദ്യാനകേന്ദ്രത്തെ പരിപാലിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ല. പുഴയോരത്ത് സംരക്ഷണ വേലികള്‍ സ്ഥാപിച്ചിട്ടില്ല. നടപ്പാത നിര്‍മ്മാണവും നടത്തിയിട്ടില്ല. ഇവിടെ എത്തുന്നവര്‍ക്ക് ഇരിക്കുന്നതിന് ഇരിപ്പിടം പോലും സജ്ജമാക്കിയിട്ടില്ല. പാര്‍ക്കിന്റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് ഇതിന്റെ സംരക്ഷണം റെസിഡന്റ്‌സ് അസോസിയേഷനെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഭരണം മാറിയതോടെ ബ്ലോക്ക് പഞ്ചായത്ത് ഈ പാര്‍ക്കിന്റെ സംരക്ഷണവും ബാക്കി ജോലി പൂര്‍ത്തിയാക്കുന്നതിനും തയ്യാറായില്ല. ഇതിന് വേണ്ട നടപടി എടുപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വേണ്ട ശ്രദ്ധ കാണിച്ചില്ല. ഇതോടെ പാര്‍ക്ക് കാടുകയറി പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. കാടുകയറിയതോടെ സഞ്ചാരികളും ഇവിടേയ്ക്ക് എത്തിനോക്കാതായി. ഇപ്പോള്‍ പശുക്കളുടെ മേച്ചില്‍ സ്ഥലമായി ഇവിടം മാറിയിരിക്കുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.