രാഷ്ട്രപതി

Wednesday 26 July 2017 11:39 am IST

ന്യൂദല്‍ഹി: രാംനാഥ് കോവിന്ദ് ഇനി രാജ്യത്തിന്റെ പ്രഥമ പൗരന്‍. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രൗഢിയും പാരമ്പര്യവും ഇഴചേര്‍ന്ന ചടങ്ങില്‍ രാജ്യത്തെ പതിനാലാമത്തെ രാഷ്ട്രപതിയായി കോവിന്ദ് സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങ്, എച്ച്.ഡി. ദേവഗൗഡ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. സത്യവാചകത്തിന് ശേഷം ഇരുപത്തൊന്ന് ആചാരവെടികള്‍ മുഴക്കിയായിരുന്നു സ്ഥാനക്കൈമാറ്റം. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ രാജ്ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധിയിലെത്തി രാംനാഥ് പ്രണാമമര്‍പ്പിച്ചു. പത്ത് മണിയോടെ അക്ബര്‍ റോഡിലെ വസതിയില്‍നിന്നും ഭാര്യ സവിതക്കും രാഷ്ട്രപതിയുടെ സൈനിക സെക്രട്ടറി മേജര്‍ ജനറല്‍ അനില്‍ ഖൊല്‍സയ്ക്കുമൊപ്പം റെയ്‌സീനാ കുന്നിലേക്ക് തിരിച്ചു. രാഷ്ട്രപതി ഭവനില്‍ സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് അംഗരക്ഷകരുടെ അവസാന സല്യൂട്ട് സ്വീകരിച്ച പ്രണബിനൊപ്പം ഒരേ വാഹനത്തില്‍ പാര്‍ലമെന്റിലേയ്ക്ക്. അശ്വാരൂഢരായ അംഗരക്ഷകര്‍ അകമ്പടി സേവിച്ചു. റെയ്‌സീനാ കുന്നില്‍നിന്നും നിന്നും പാര്‍ലമെന്റിലേയ്ക്കുള്ള വഴിയില്‍ ഇരുവശത്തുമായി മൂന്ന് സൈനിക വിഭാഗങ്ങളിലെയും ആയിരം സൈനികര്‍ പരമ്പരാഗതമായ രീതിയില്‍ അഭിവാദ്യമര്‍പ്പിച്ചു. പാര്‍ലമെന്റിന്റെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ ഇരുവരെയും ഹമീദ് അന്‍സാരി, സുമിത്ര മഹാജന്‍, ജെ.എസ്. ഖെഹര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കരഘോഷത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം വിളികളുയര്‍ന്നു. നേതാക്കളെ സന്ദര്‍ശിച്ച ശേഷം കോവിന്ദും പ്രണബും രാഷ്ട്രപതി ഭവനിലേയ്ക്ക് മടങ്ങി. രാഷ്ട്രപതി ഭവനിലെ രജിസ്റ്ററില്‍ കോവിന്ദ് ഒപ്പുവെച്ചു. തുടര്‍ന്ന് അംഗരക്ഷകര്‍ ആദ്യ സല്യൂട്ട് നല്‍കി. കോവിന്ദിന്റെ 22 കുടുംബാംഗങ്ങള്‍ ചടങ്ങിനെത്തി. ആദ്യമായാണ് പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നതെന്നും അഭിമാനനിമിഷമാണെന്നും അദ്ദേഹത്തിന്റെ മരുമകന്‍ ദീപക് കോവിന്ദ് പറഞ്ഞു. രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കോവിന്ദിന്റെ പ്രസംഗം പ്രചോദിപ്പിക്കുന്നതും ഇന്ത്യയുടെ ശക്തിയും വൈവിധ്യവും ജനാധിപത്യവും പ്രതിഫലിപ്പിക്കുന്നതുമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.