900 വര്‍ഷത്തോളം പഴക്കമുള്ള ശിലാലിഖിതം കണ്ടെത്തി

Tuesday 25 July 2017 9:24 pm IST

ഇരിങ്ങാലക്കുട : എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിലേത് എന്നനുമാനിക്കുന്ന ശിലാലിഖിതം കല്ലേറ്റുംകര സംഗമഗ്രാമമാധവന്റെ മനയായ ഇരിങ്ങാടപ്പിള്ളി ഇല്ലംവക അമ്പലത്തില്‍ നിന്നു കണ്ടെത്തി. വട്ടശ്രീകോവിലിനു താഴെ 5 വരിവട്ടെഴുത്തിലാണ് ലിഖിതം. ഈ ശ്രീകോവിലിന്റെയും അനുബന്ധ തളത്തിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണിതിലെ പ്രമേയം. അവസാന ഭാഗം തേയ്മാനം വന്നിരിക്കുന്നു. ശ്രീകോവിലിനോടു ചേര്‍ന്നുള്ള മണ്ഡപത്തിലും ലിഖിതങ്ങളുണ്ട്. സെന്റ്.ജോസഫ്‌സ് കോളേജിലെ മാധവം സാംസ്‌കാരിക പൈതൃക പഠനകേന്ദ്രമാണ് ഇത് കണ്ടെത്തിയത്. സംഗമ ഗ്രാമ മാധവനെയും സംഭാവനകളെയും കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ഈ രേഖ കണ്ടെത്തിയത്. മാധവന്റെ ചരിത്രം തെളിയിക്കപ്പെടുന്നതില്‍ ഈ രേഖ സഹായകരമാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മാധവന്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന വാനനിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണിതു കണ്ടെടുത്തിരിക്കുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ മഹോദയപുരത്ത് നിലവിലിരുന്നതായി ശങ്കരനാരായണന്‍ പറയുന്ന വാനനിരീക്ഷണകേന്ദ്രത്തെക്കുറിച്ചുള്ള സ്ഥിരീകരണവും ഈ പഠനത്തിന്റെ ലക്ഷ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ചരിത്രകാരനായ പ്രൊഫ. രാജന്‍ ഗുരുക്കള്‍ ഇവിടം സന്ദര്‍ശിച്ചു. മാധവം സെന്ററിലെ ഗവേഷകരായ ഡോ. എന്‍ ആര്‍ മംഗളാംബാള്‍, ലിറ്റി ചാക്കോ, ഡോ. ഇ എം അനീഷ് എന്നിവര്‍ അനുഗമിച്ചു. ഇവര്‍ നല്‍കിയ ശിലാലിഖിതവും തര്‍ജ്ജമയും പ്രൊഫ. രാജന്‍ ഗുരുക്കള്‍ ഇല്ലത്തിനു സമ്മാനിച്ചത് രാജ്കുമാര്‍നമ്പൂതിരി ഏറ്റുവാങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.