ബിഎസ്എന്‍എല്‍ 4 ജി പ്ലസ് വൈഫൈ ഹോട്ട്‌സ്‌പോട്ട് പവര്‍ത്തനക്ഷമമാകുന്നു

Wednesday 26 July 2017 12:49 am IST

കണ്ണൂര്‍:…ബിഎസ്എന്‍എല്‍ 4 ജി പ്ലസ് വൈഫൈ ഹോട്ട്‌സ്‌പോട്ട് പ്രവര്‍ത്തനക്ഷമമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ജനത്തിരക്കുള്ള പട്ടണങ്ങളിലും മറ്റും കുറഞ്ഞ നിരക്കിലും വേഗതയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സാദ്ധ്യമാക്കുന്നതിനു വേണ്ടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 40 സ്ഥലങ്ങളില്‍ ഹൈസ്പീഡ് ഡാറ്റ ഉപേയാഗിക്കാവുന്ന 4 ജി പ്ലസ് വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം പ്രവര്‍ത്തനക്ഷമാക്കിയിട്ടുണ്ട്. വൈഫൈ സംവിധാനമുള്ള ഏതൊരു ഉപകരണം വഴിയും 4 ജി പ്ലസ് വേഗത ലഭിക്കുന്ന ഇന്റര്‍നെറ്റ് ഇത് വഴി ഏതുകമ്പനിയുടെ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നതാണ്. മൂന്ന് രീതിയിലുള്ള ഉപയോഗക്രമത്തില്‍ ഒറ്റത്തവണ 100 ജിബി ഡാറ്റ തികച്ചും സൗജന്യമായി ലഭിക്കുന്ന വൈഫൈയാണ് ഒന്നാമത്തേത്. സൗജന്യ ഉപയോഗ ശേഷം 10രൂപ മുതല്‍ 599രൂപ വരെയുള്ള 11 പ്രീമിയം ഹോട്ട്‌സ്‌പോട്ട് പ്ലാനുകളില്‍ ഏതെങ്കിലും ഒന്ന് ഓണ്‍ലൈന്‍ ആയി റീചാര്‍ജ് ചെയ്ത് ഈ സേവനം തുടര്‍ന്നും ഉപയോഗിക്കാം. കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവരുടെ സത്വര വികസനത്തിന് വേണ്ടി, ഒരു ഉപഭോക്താവിന് ദിവസവും 2 എംബി പിഎസ് വേഗതയില്‍ 4ജിബി വരെ ഡാറ്റ ഉപയോഗിക്കാവുന്ന വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനത്തിന്റെ പ്രവൃത്തിയും കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ പുരോഗമിച്ചു വരുന്നുണ്ട്. ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ക്കുള്ള ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒരു വര്‍ഷത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ലാന്‍ഡ്‌ലൈന്‍ ഇല്ലാത്തവര്‍ക്ക് പ്രതിമാസ നിരക്കില്‍ വെറും 49 രൂപ മാത്രം വാടക നല്‍കിയാല്‍ (6 മാസത്തേക്ക്) ലഭിക്കുന്ന എക്‌സ്പീരിയന്‍സ് ലാന്‍ഡ്‌ലൈന്‍ 49 പ്ലാന്‍ നിലവിലുണ്ട്. വിച്ഛേദിക്കപ്പെട്ട ലാന്‍ഡ്‌ലൈന്‍ കണക്ഷനു ള്ളവര്‍ക്കു റീകണക്ട് ചെയ്യാനുള്ള സുവര്‍ണാവസരമാണ് ഇത് വഴി ലഭ്യമാകുന്നത്. ഈ തരത്തിലുള്ള ഉപഭോക്താക്കളും നിലവില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും 249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ എടുക്കുമ്പോള്‍ ലാന്‍ഡ്‌ഫോണിനു വാടകയിനത്തില്‍ യാതൊരു ചാര്‍ജും ഈടാക്കുന്നതല്ല. ജോയിന്റ് ജനറല്‍ മാനേജര്‍ അശോക് എച്ച്.കല്ലാര്‍, കെ.ജെ.സെബാസ്റ്റ്യന്‍, പി.ഭരതന്‍, ഇ.കൃഷ്ണന്‍, പി.പി.സുലൈമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.