ശിക്ഷ ഒഴിവാക്കണം; ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിക്കു മുന്നില്‍

Wednesday 26 July 2017 10:07 am IST

കൊല്‍ക്കത്ത: തടവു ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷയുമായി മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുന്നില്‍ ആദ്യ ഹര്‍ജിയുമായി എത്തി. നിലവില്‍ കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ ജയില്‍ വാസം അനുഭവിക്കുകയാണ് ജസ്റ്റിസ് കര്‍ണന്‍. സുപ്രീം കോടതിയാണ് ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു ഹര്‍ജി നല്‍കിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഈ സാഹചര്യത്തിലാണു പുതിയ രാഷ്ട്രപതിക്കു മുന്നില്‍ ശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ എത്തിയിരിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒന്നരമാസം ഒളിവിലായിരുന്ന ജസ്റ്റിസ് കര്‍ണനെ കഴിഞ്ഞ മാസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മേയ് ഒന്‍പതിനാണു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കര്‍ണനെ ശിക്ഷിച്ചത്. പിന്നീട് ഒളിവില്‍ പോയ അദ്ദേഹത്തെ കോയമ്ബത്തൂരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സര്‍വകലാശാലയ്ക്കു സമീപത്തെ വീട്ടില്‍നിന്നാണു ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.