മണ്ണെണ്ണയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ്

Wednesday 26 July 2017 9:04 am IST

കോട്ടയം: സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കിയ കേരളത്തില്‍ മണ്ണെണ്ണയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ്. വൈദ്യുതിയില്ലാത്ത വീടുകള്‍ക്കു നല്‍കുന്ന മണ്ണെണ്ണയാണ്, കള്ള സത്യവാങ്ങ്മൂലം നല്‍കി വാങ്ങിയെടുക്കുന്നത്. ഇങ്ങനെ കേന്ദ്രസര്‍ക്കാരിന് പ്രതിമാസം വരുന്ന നഷ്ടം അഞ്ചു കോടി രൂപയാണ്. കേരളം പൂര്‍ണ്ണമായി വൈദ്യുതീകരിച്ച സംസ്ഥാനമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വൈദ്യുതി വകുപ്പിന്റെ കണക്കും വ്യത്യസ്ഥമല്ല. പക്ഷെ വീട്ടില്‍ വൈദ്യുതിയില്ലെന്നു പറഞ്ഞ് മണ്ണെണ്ണ വാങ്ങുന്നത് 2,77,210 കുടുംബങ്ങളാണ്. ഈ കണക്ക് കാട്ടി വാങ്ങിയെടുക്കുന്നത് 11,08,840 ലിറ്റര്‍ മണ്ണെണ്ണ. 'എന്‍.ഇ'(നോണ്‍ ഇലക്ട്രിസിറ്റി) കാര്‍ഡുകളിലൂടെ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന ഈ മണ്ണെണ്ണ എത്തുന്നത് അനര്‍ഹരുടെ കൈകളിലും. കണക്ക് പരിശോധിക്കാതെ രണ്ടേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കു നല്‍കുന്ന പുതിയ എന്‍.ഇ. റേഷന്‍ കാര്‍ഡുകള്‍ ഭക്ഷ്യവകുപ്പ് നല്‍കി തുടങ്ങി. വൈദ്യുതീകരിക്കാത്ത എന്‍.ഇ. റേഷന്‍ കാര്‍ഡുകള്‍ക്ക് 4 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതിയുള്ള 'ഇ' കാര്‍ഡിന് അരലിറ്റര്‍ മണ്ണെണ്ണയുമാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നത്. വീടു വൈദ്യുതീകരിച്ചതല്ലെന്നു വ്യാജ സത്യവാങ്മൂലം നല്‍കി 2,77,210 പേരാണ് എന്‍.ഇ. റേഷന്‍ കാര്‍ഡുകള്‍ സ്വന്തമാക്കി 4 ലിറ്റര്‍ മണ്ണെണ്ണ വാങ്ങുന്നത്. മാത്രമല്ല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 5 മാര്‍ക്ക് കരസ്ഥമാക്കി മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടുകയും ചെയ്തു. വ്യാജ എന്‍.ഇ. റേഷന്‍ കാര്‍ഡിലൂടെ കേന്ദ്രസര്‍ക്കാരിനു പ്രതിമാസം നഷ്ടം അഞ്ചു കോടി രൂപയാണ്. 2,77,210 കുടുംബങ്ങള്‍ക്ക് 4 ലിറ്റര്‍ വീതം പ്രതിമാസം 11,08,840 ലിറ്റര്‍ മണ്ണെണ്ണയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിതരണം ചെയ്യുന്നത്. കേന്ദ്രം നല്‍കുന്ന മണ്ണെണ്ണയില്‍ഭൂരിപക്ഷവും ഈ വിധം അനര്‍ഹര്‍ വാങ്ങി കരിഞ്ചന്തയിലേക്കാണ് എത്തിക്കുന്നത്. വൈദ്യുതീകരിച്ച വീടുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കുന്നത്. വീടു വൈദ്യുതീകരിച്ചിട്ടും, വൈദ്യുതിയില്ലെന്ന് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ വ്യാജമായി രേഖപ്പെടുത്തിയാണ് ഈ തട്ടിപ്പു നടത്തുന്നത്. ഇതിലൂടെ പ്രതിമാസം 9,70,235 ലിറ്റര്‍ മണ്ണെണ്ണയും കേന്ദ്രസര്‍ക്കാരിനു സബ്സിഡി ഇനത്തില്‍ 485,11,750 രൂപയും നഷ്ടപ്പെടുന്നു. റേഷന്‍ മണ്ണെണ്ണയുടെ വില്പന വില ലിറ്ററിന് 21 രൂപയാണ്. കേന്ദ്ര സബ്സിഡിയിലാണ് സംസ്ഥാനങ്ങള്‍ക്ക് മണ്ണെണ്ണ ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നല്‍കുന്ന മണ്ണെണ്ണ അനര്‍ഹര്‍ക്കു വിതരണം ചെയ്യുകയും, മത്സ്യ ബന്ധന ബോട്ടുകള്‍ക്ക് മറിച്ച് നല്‍കുന്നതായും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസ മണ്ണെണ്ണ വിഹിതത്തില്‍ 1452 കിലോലിറ്റര്‍ വെട്ടിക്കുറച്ച് 15,456 കി.ലിറ്ററാക്കുകയുണ്ടായി. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസ വിഹിതത്തില്‍ 9660 കിലോലിറ്റര്‍ കുറച്ച് 16,908 കിലോലിറ്ററാണ് നല്‍കിയത്. എന്‍.ഇ. കാര്‍ഡുകളുടെ എണ്ണം 2,77,210 ആണ്. തിരുവനന്തപുരം ജില്ലയില്‍ 41,639 വീടുകള്‍ക്ക് എന്‍.ഇ. കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. കൊല്ലം 25,366, പത്തനംതിട്ട-11,201, ആലപ്പുഴ-15,471, കോട്ടയം-9,801, ഇടുക്കി-18,973, എറണാകുളം-12,838, തൃശൂര്‍-19,795, പാലക്കാട്-36,863, മലപ്പുറം-25,083, കോഴിക്കാട്-14,675, വയനാട്-19,617, കണ്ണൂര്‍-13,070, കാസര്‍കോട്-12,819 കുടുംബങ്ങളാണ് വീടു വൈദ്യുതീകരിച്ചതല്ലെന്ന അപേക്ഷ നല്‍കി 'എന്‍.ഇ' റേഷന്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളില്‍ വേണ്ടത്ര അന്വേഷണം ഉണ്ടാകാതിരുന്നതാണ് ഇതിന് വഴിയൊരുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.