വെള്ളപ്പൊക്കം: ഗുജറാത്തിന് 500 കോടി ധനസഹായം

Wednesday 26 July 2017 7:24 pm IST

അഹമ്മദാബാദ്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ഗുജറാത്തിലെ പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്തില്‍ വീക്ഷിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ അടിയന്തര ധനസഹായം അനുവദിച്ചു. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷംരൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. ഒരു മാസം മുന്‍പ് ആരംഭിച്ച മഴയില്‍ 82 പേര്‍ മരിച്ചിരുന്നു. ചെയ്യാവുന്ന എല്ലാ സഹായങ്ങളും കര്‍ഷകര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ചെയ്യുമെന്ന് മോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വെളളപ്പൊക്കത്തെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ 50000ത്തിലധികം പേരെ ദുരിതബാധിതപ്രദേശങ്ങളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനത്താവളത്തിലെ റണ്‍വേ തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ദേശീയ, സംസ്ഥാന ഹൈവേകള്‍ ഉള്‍പ്പെടെയുള്ള റോഡുകളില്‍ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. റെയില്‍വേ ട്രാക്കുകളും തകര്‍ന്നിട്ടുണ്ട്. ഇതെത്തുടര്‍ന്ന് അഹമ്മദാബാദ്-ദല്‍ഹി രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ റദ്ദാക്കി. സൈന്യം, ദേശീയ ദുരന്തനിവാരണ സേന, വ്യോമസേന തുടങ്ങിയവയുടെ 18 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നു. വ്യോമസേനയുടെ നാല് ഹെലിക്കോപ്ടറുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഏഴ് ലക്ഷം ഭക്ഷണപ്പൊതികള്‍ ദുരന്തമേഖലയില്‍ വിതരണം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.