വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു

Wednesday 26 July 2017 8:02 pm IST

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ വീട് കുത്തിതുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു. മുളക്കുഴ പള്ളിപ്പടി ശാന്തി ഭവനില്‍ റിട്ട. അദ്ധ്യാപകനായ കെ.ഒ. സുഗതന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അടുക്കളയില്‍ മൈക്രോവേവ് ഓവന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന വീട്ടുജോലിക്കാരി രമണിയുടെ രണ്ട് പവന്‍ മാലയും പതിനായിരം രൂപയും നഷ്ടപ്പെട്ടു. രാവിലെ വീട്ടുജോലിക്കാരി മുറ്റമടിക്കാന്‍ എത്തിയപ്പോഴാണ് ജനല്‍കണ്ണാടി പൊട്ടിച്ചിതറി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട് തുറന്ന് അകത്തു കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിവരം അറിയിച്ചതനുസരിച്ച് ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി. വീടിനു പുറത്ത് സൂക്ഷിച്ചിരുന്ന വിറക്തടി കൊണ്ട് ജനല്‍ ചില്ല് പൊട്ടിച്ച് ജനലഴി ഒടിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. പ്രധാന കിടപ്പുമുറിയില്‍ അലമാരയല്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. വീട്ടില്‍മോഷണം നടന്ന വിവരം അമേരിക്കയിലുള്ള സുഗതനെ ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണ് അലമാരിയില്‍ ഒരുലക്ഷം രൂപ ഉണ്ടായിരുന്നതായി അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചത്. മറ്റു മുറികളിലുണ്ടായിരുന്ന അലമാരകളും മേശകളും കുത്തി തുറന്നിട്ടുണ്ട്. ഭാര്യ സരസമ്മ ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടശേഷം വീട്ടില്‍ ഒറ്റയാക്കാണ് സുഗതന്‍ താമസിച്ചിരുന്നത്. വീടിനു സമീപമുള്ള ജോലിക്കാരിയെ വീടും പറമ്പും നോക്കാന്‍ ചുമതലപ്പെടുത്തിയിയ ശേഷം കഴിഞ്ഞ ഒന്നിനാണ് അമേരിക്കയില്‍ ജോലിയുള്ള ഇളയ മകളായ സീനയുടെ അടുത്തേക്ക് സുഗതന്‍ പോയത്. വീട്ടുജോലിക്കാരി രമണി തൊട്ടടുത്ത വീട്ടില്‍തന്നെയാണ് താമസിക്കുന്നതെങ്കിലും അടച്ചുറപ്പില്ലാത്ത തന്റെ വീട്ടില്‍ പണവും സ്വര്‍ണ്ണവും സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുള്ളതിനാല്‍ ജോലിക്കു നില്‍ക്കുന്ന ഈ വീട്ടിലാണ് തന്റെ മാലയും ജോലിചെയ്തുണ്ടാക്കിയ പതിനായിരം രൂപയും സൂക്ഷിച്ചിരുന്നതെന്ന് പോലീസിനോട് പറഞ്ഞു. ആലപ്പുഴയില്‍ നിന്നും ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ച് സൂക്ഷ്മമായി അറിയാവുന്ന ആളുകളാണ് മോഷണത്തിന് പിന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.