വന്യമൃഗശല്യം; പൊറുതിമുട്ടി നാട്ടുകാര്‍

Wednesday 26 July 2017 8:55 pm IST

കല്‍പ്പറ്റ :വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകളും കടുവകളും ജനവാസകേന്ദ്രങ്ങളിലെത്തുന്നു. കാട്ടുപോത്തുകളുടെ ആക്രമണസംഭവങ്ങളും നിസ്സാരമല്ല. കര്‍ഷകരുടെ തന്നാണ്ട് സമ്പാദ്യം വന്യജീവികള്‍ കവരുന്നത്, അവരെ കൊടുംപട്ടിണിയിലാക്കുന്നു. വയനാട്ടില്‍ 5000ല്‍ അധികം ഏക്കര്‍ കൃഷിഭൂമിയാണ് വന്യമൃഗശല്യത്താല്‍ തരിശ്ശായി മാറിയത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ തിരുനെല്ലി പഞ്ചായത്തില്‍മാത്രം 78 ജീവനുകളാണ് വന്യജീവികള്‍ കവര്‍ന്നത്. 350 ആക്രമണ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 892 ച.കി.മി വനവിസ്തൃതിയുള്ള വയനാട്ടില്‍ 40ശതമാനവും വനഭാഗമാണ്. 2015-16ല്‍ 3182 വന്യമൃഗ ആക്രമണ സംഭവങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞു. 2006-2007ല്‍ ഇത് കേവലം 948ഉം രണ്ടുമായിരുന്നു. ഇത് വനംവകുപ്പിന്റെ കണക്കാണ്. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് ഇന്നലെയാണ് കുഞ്ചലന്‍ എന്ന വനവാസി വൃദ്ധനെ കാട്ടാന കുത്തികൊന്നത്. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ജില്ലയില്‍ 60 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്യമൃഗശല്ല്യം തീരെ ഇല്ലാതിരുന്ന പല ഭാഗത്തും ഇന്ന് കാട്ടാനകളുടെ വിളയാട്ടമാണ്. ഇതിനുമുന്നില്‍ പതറി വനംവകുപ്പും. ഇന്നലെ കാട്ടിക്കുളം ആലത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച കുഞ്ചിലന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാ ന്‍ ചര്‍ച്ചയില്‍ തീരുമാനമായി. പട്ടികവര്‍ഗ്ഗ വകുപ്പ് 10000 രൂപയും വനംവകുപ്പ് 25000 രൂപയും റവന്യു വകുപ്പ് 10000 രൂപയും നല്‍കി. ആശ്രിതന് സ്ഥിരം ജോലി ലഭിക്കാന്‍ ശുപാര്‍ശ ചെയ്യാനും തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.