കാവ്യയെ അറസ്റ്റ് ചെയ്‌തേക്കും

Wednesday 26 July 2017 9:26 pm IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത കാവ്യയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് അറിയുന്നത്. ഇന്ന് തന്നെ അറസ്റ്റുണ്ടായേക്കും. കാവ്യയുടേയും അമ്മയുടേയും മൊഴികളിലെ പൊരുത്തക്കേട് പോലീസിന് വ്യക്തമായി. പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ പള്‍സര്‍ സുനി ഒന്ന് രണ്ട് പ്രാവശ്യം കാവ്യയെ ലൊക്കേഷനില്‍ എത്തിച്ച കാര്യം പോലീസ് ചൂണ്ടിക്കാട്ടിയെങ്കിലും കാവ്യ ഇത് നിഷേധിച്ചു. അമ്മ ശ്യാമളയുടെ മൊഴിയിലും പോലീസ് പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കും. പോലീസിന്റെ ചോദ്യം ചെയ്യലിനോട് കാവ്യ സഹകരിച്ചെങ്കിലും പല ചോദ്യങ്ങളില്‍ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ ഡ്രൈവ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്നാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഈ പെന്‍ ഡ്രൈവ് വാങ്ങിയത് ദിലീപിന്റെ ഒരു ബന്ധുവാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കാവ്യയ്ക്ക് വ്യക്തമായ അറിവുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. കേസില്‍ മുകേഷ് എംഎല്‍എയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ മുകേഷില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ദിലീപുമായി അടുപ്പമുള്ള ഒരു ഗായികയെയും ചോദ്യം ചെയ്‌തേക്കും. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പോലീസ്. അപ്പുണ്ണി ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഇന്നലെ രാവിലെ 11 മണിയോടെ സബ് ജയിലില്‍ അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാന്‍ തീരുമാനമായത്. ദിലീപിനായി ഹൈക്കോടതിയില്‍ വക്കാലത്ത് നല്‍കിയ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറിന്റെ മകന്‍ അഡ്വ. രാം പ്രസാദും, ജൂനിയര്‍ അഡ്വ. മനോജ് കുമാറുമാണ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ 20 മിനിറ്റ് നേരം കൂടിക്കാഴ്ച്ച നീണ്ടു. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും ജാമ്യഹര്‍ജി തള്ളിയാല്‍ പിന്നെ പുറത്തിറങ്ങുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് കുറച്ച് ദിവസത്തിന് ശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ധാരണയായിട്ടുള്ളത്. ഹൈക്കോടതി ജാമ്യ ഹര്‍ജി വീണ്ടും നിരസിച്ചെങ്കില്‍ മാത്രമെ സുപ്രീംകോടതിയെ സമീപിക്കുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.