ഒബിസി മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ

Wednesday 26 July 2017 9:30 pm IST

തിരുവനന്തപുരം: ഒബിസി, ഒഇസി വിഭാഗങ്ങള്‍ക്ക് ബജറ്റില്‍ നീക്കിവച്ച ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ഒബിസി മോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിന്നാക്ക ക്ഷേമ വകുപ്പിനെ നോക്കുകുത്തിയാക്കി. വകുപ്പിന്റെ കീഴില്‍ വരുന്ന ജില്ലാ - സോണല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. നാഥനില്ലാ കളരിയായി അധഃപതിച്ച പിന്നോക്ക ക്ഷേമ വകുപ്പില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആറ് ഡയറക്ടര്‍മാരെയാണ് മാറ്റി നിയമിച്ചത്. ഏകോപനം ഇല്ലാത്തതിന്റെ ഫലമായി പാവപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ വിവിധ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കപ്പെടുകയാണ്. 2015-2016ലെ സംസ്ഥാന ബജറ്റില്‍ പിന്നോക്ക ക്ഷേമത്തിനായി 82 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. എന്നാല്‍ പദ്ധതി കാലയളവിനുള്ളില്‍ ചെലവാക്കിയത് വെറും രണ്ടുകോടി രൂപയാണ്. ബാക്കി മുഴുവന്‍ തുകയും ലാപ്‌സാവുകയായിരുന്നു. മന്ത്രി എ.കെ.ബാലന്റെ പ്രവര്‍ത്തനം തികഞ്ഞ പരാജയമാണ്. മണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങള്‍, വിശ്വകര്‍മ്മ, കുടുംബി, വണിക, ചെട്ടി, ഗണിക, വീരശൈവ, വടുക, ചവളക്കാരന്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പ്രവേശന സംവരണം പൂര്‍ണമായും നടപ്പിലാക്കുന്നില്ല. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റ് നടയില്‍ ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ആര്‍.എസ്. മണിയന്‍, സെക്രട്ടറി മോഹന്‍ദാസ്, ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.