ഉദ്യോഗസ്ഥരില്ല; താളം തെറ്റി ലീഗല്‍ മെട്രോളജി വകുപ്പ്

Wednesday 26 July 2017 10:13 pm IST

  ഇടുക്കി: ഉദ്യോഗസ്ഥരുടെ അഭാവം ജില്ലയിലെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മൂന്നാര്‍, പീരുമേട്, കട്ടപ്പന,തൊടപുഴ എന്നീ സ്ഥലങ്ങളിലാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.നാല് ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമാണുള്ളത്. പീരുമേട്,മൂന്നാര്‍ എന്നീ ഓഫീസുകളില്‍ ഇന്‍സ്‌പെക്ടര്‍മാരില്ല. മൂന്ന് വര്‍ഷം മുന്‍പ് സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥര്‍ക്ക് പകരക്കാര്‍ ഇവിടെ എത്തിയില്ല. തൊടുപുഴ,കട്ടപ്പന എന്നീ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരാണ് ഇടയ്ക്കിടെ പീരുമേട്, മൂന്നാര്‍ എന്നീ ഓഫീസുകളിലെ പ്രവര്‍ത്തനത്തിന് പോകുന്നത്. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥനും കുറച്ച് നാളായി അവധിയിലാണ്. തൊടുപുഴ താലൂക്ക് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കാട്ടാനാട് ഓഫീസ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച ലീഗല്‍മെട്രോളജി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ജില്ലയില്‍ തൊടുപുഴയില്‍ മാത്രമാണ് റെയ്ഡ് നടത്താനായത്. ജീവനക്കാരുടെ അഭാവം കൊണ്ടാണ് ജില്ലയില്‍ സമ്പൂര്‍ണമായി പരിശോധന നടത്താന്‍ കഴിയാതിരുന്നതെന്നാണ് ജില്ലാ ഓഫീസര്‍ ഷാമോന്‍ ജന്മഭൂമിയോട് പറഞ്ഞത്. ക്ലറിക്കല്‍ പോസ്റ്റ് ഈ വകുപ്പില്‍ അനുവദിക്കാത്തതും ജോലി ഭാരം ഇരട്ടിയാക്കുന്നു. ജില്ലയില്‍ പെട്രോള്‍ പമ്പുകളും റേഷന്‍ കടകളുമടക്കം 12000 സ്ഥാപനങ്ങളുണ്ട്. ഇവിടുത്തെ അളവ്, തൂക്ക ഇടപാടുകള്‍ നടത്താന്‍ വിരളിലെണ്ണാവുന്ന ജീവനക്കാരെക്കൊണ്ട് സാധിക്കില്ല. രണ്ട് വാഹനങ്ങളാണ് ഈ വകുപ്പിന് ജില്ലയിലുള്ളത്. ഒരു വാഹനം ഇപ്പോള്‍ കട്ടപ്പുറത്താണ്. ഇടുക്കിയുടെ ഭൂമി ശാസ്ത്ര പ്രകാരം ക്ഷമതയുള്ള വാഹനങ്ങള്‍ ലഭിച്ചാലേ നടപടികള്‍ കൃത്യമായി മുന്നോട്ടുകൊണ്ടുപോകന്‍ കഴിയൂ. അടുത്ത മാസം പഞ്ചായത്ത് തലത്തില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന്റെ ക്യാമ്പ് നടക്കുകയാണ്. ക്യാമ്പില്‍ നയിക്കാനുള്ള ജീവനക്കാരെ തരപ്പെടുത്താനുള്ള തത്രപ്പാടിലാണ് ജില്ലാ ഓഫീസര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.