കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 15 വര്‍ഷം; നീതി കിട്ടാതെ ഇരകള്‍

Wednesday 26 July 2017 10:17 pm IST

മുഹമ്മ (ആലപ്പുഴ): കുമരകം ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 15 വര്‍ഷം. 2002 ജൂലൈ 27ന് പുലര്‍ച്ചെ 5.45ന് മുഹമ്മ ജെട്ടിയില്‍ നിന്നും പുറപ്പെട്ട എ-53 ബോട്ടാണ് കുമരകത്തിന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മണല്‍തിട്ടയില്‍ ഇടിച്ചുമറിഞ്ഞത്.15 സ്ത്രീകളും പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ഇന്ന് മുഹമ്മ ഗ്രാമം ഓര്‍മ പൂക്കള്‍ അര്‍പ്പിക്കും. വിവിധ സംഘടനകളും സ്‌കൂളുകളും പാസഞ്ചേഴ്‌സ് അസോസിയേഷനും പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. 104 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ ഇരട്ടിയിലേറെ യാത്രക്കാര്‍ കയറിയതും ബോട്ടിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പിഎസ്‌സി പരീക്ഷ എഴുതാന്‍ പോയവരും, മത്സ്യ കച്ചവടക്കാരും കൂലിവേലക്കാരും അടക്കമുള്ളവരാണ് ദുരന്തത്തിനിരയായത്. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മീഷന്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 91 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 1.5 ലക്ഷം വീതമാണ് നല്‍കിയത്. കമ്മീഷന്‍ നിര്‍ദേശിച്ച മുഴുവന്‍ തുകയും കിട്ടണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ കോടതി കയറിയിറങ്ങിയിട്ടും അനുകൂലവിധി ഉണ്ടായില്ല. ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഹമ്മ സ്വദേശിയായ കെ.ബി. അനില്‍കുമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോട്ടയം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്)യില്‍ സാക്ഷി വിസ്താരം നടക്കുകയാണ്. നാലു പ്രതികളാണ് കേസിലുള്ളത്. നാലാം പ്രതി ചീഫ് ബോട്ട് ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ ഹാജരായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.