വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും 

Wednesday 26 July 2017 10:47 pm IST

  കണ്ണൂര്‍: സംസ്ഥാന ഐടി വകുപ്പിന്റെയും ജില്ലാ കളക്ടറുടെയും നിയന്ത്രണത്തിലുളള അക്ഷയ കേന്ദ്രങ്ങളുടെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി പൊതുജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ച് ഫ്രാഞ്ചൈസിയിലൂടെ ഉയര്‍ന്ന തുക മുടക്കി ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് സംസ്ഥാന ഐടി മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച പരസ്യങ്ങളില്‍ ഫ്രാഞ്ചൈസിക്ക് സംസ്ഥാന സര്‍ക്കാരിന്റെയും ഐ.ടി മിഷന്റെയും അംഗീകാരമുണ്ടെന്നത് വ്യാജ പ്രചരണമാണെന്നും ഡയറക്ടര്‍ അറിയിച്ചു. ഈ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഒരു ഗ്രാമ പഞ്ചായത്തില്‍ ചുരുങ്ങിയത് 4 എന്ന കണക്കിലും മുന്‍സിപ്പാലിറ്റികളില്‍ ആറ് എന്ന കണക്കിലും അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ആധാര്‍, ഇ-ഡിസ്ട്രിക്ട് തുടങ്ങിയ സര്‍വീസുകള്‍ സര്‍ക്കാര്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മാത്രമേ നടത്താന്‍ പാടുളളുവെന്നും ഡയറക്ടര്‍ നിഷ്‌കര്‍ഷിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കുകള്‍ സംബന്ധിച്ച് ബോര്‍ഡ് എല്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അപേക്ഷകന്‍ സമര്‍പ്പിക്കുന്ന വിലപ്പെട്ട രേഖകള്‍ മൂന്നാമതൊരാളില്‍ എത്തിച്ചേരാത്ത വിധം സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചിട്ടുള്ള ബോധവല്‍ക്കരണവും അക്ഷയ സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ട്. അപേക്ഷകന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തീയതി, കേന്ദ്രം, ഈടാക്കിയ ഫീസ് എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൂക്ഷിക്കാറുണ്ട്. കൂടാതെ റഫന്‍സ് നമ്പര്‍ സംബന്ധിച്ച രേഖകള്‍ അപേക്ഷകന് കൈമാറുന്നുമുണ്ട്. എന്നാല്‍ ഇത്തരം സംവിധാനം സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സ്വീകരിക്കാറില്ല. അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ അത് അറിയിക്കാന്‍ എല്ലാ ജില്ലകളിലും അക്ഷയജില്ലാ പ്രൊജക്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തില്‍ അക്ഷയ ഡയറക്ടറുടേയും ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ഇ-ഗവേര്‍ണന്‍സ് സമിതിയുടേയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.