മുന്‍ഗണന: റേഷന്‍ കാര്‍ഡില്‍ 7,383 സമ്പന്നര്‍

Wednesday 26 July 2017 11:12 pm IST

കാക്കനാട്: പുതിയ റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ 7,383 അനര്‍ഹരെ ജില്ലാ സിവില്‍ സപ്ലൈസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മുന്‍ഗണനാ പട്ടികയില്‍ ഇനിയും അനര്‍ഹര്‍ ഉള്ളതിനാല്‍ അവര്‍ക്കെതിരെ കര്‍ശനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അന്തിമ മുന്‍ഗണനാ പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ള അനര്‍ഹര്‍ക്ക് സ്വമേധയ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞ 22 വരെ സമയം അനുവദിച്ചിരുന്നു. നിശ്ചിത സമയപരിധിക്കകം മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്ത അനര്‍ഹര്‍ക്കെതിരെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അനര്‍ഹരായ 693 കാര്‍ഡുടമകള്‍ നിശ്ചിത സമയ പരിധിക്കകം തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ സിവില്‍ സപ്ലൈസ് കണ്ടെത്തുകയായിരുന്നു. ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ കടന്നുകൂടിയത് കുന്നത്തുനാട് താലൂക്കിലാണ്, 2,373 കാര്‍ഡുടമകള്‍. കണയന്നൂര്‍ താലൂക്കില്‍ നടത്തിയ പരിശോധനയില്‍ 1,188 അനര്‍ഹരായ കാര്‍ഡുടമകളെയും കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് അനര്‍ഹര്‍ കോതമംഗലം താലൂക്കിലാണ്, 378 കാര്‍ഡുടമകള്‍. മുന്‍ഗണന ലിസ്റ്റില്‍ അനര്‍ഹര്‍ ധാരാളം കടന്നുകൂടിയിട്ടുള്ളതിനാല്‍ സാമ്പത്തികമായി പിന്നാക്കമുള്ളവരും ഗുരുതരമായ രോഗം ബാധിച്ചു ദുരിതമനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന പട്ടികയില്‍ ഇടം കിട്ടാതെ പുറത്തായിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാല് ചക്രവാഹനമുള്ളവര്‍ തുടങ്ങി നിശ്ചിത മാനദണ്ഡം മറികടന്ന് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവരെ കേന്ദ്രീകരിച്ചായിരിക്കും സ്‌ക്വാഡുകള്‍ പരിശോധന നടത്തുക. അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ പട്ടികയില്‍ ഇടം കിട്ടണമെങ്കില്‍ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, റേഷന്‍ വ്യാപാരികള്‍ എന്നിവര്‍ക്ക് അനര്‍ഹരെ സംബന്ധിച്ച് സ്‌ക്വാഡുകള്‍ക്ക് വിവരം നല്‍കാം. ജില്ല, താലൂക്ക്, സിറ്റി റേഷനിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പരിശോധന. അന്വേഷണത്തില്‍ കണ്ടെത്തുന്ന അനര്‍ഹരില്‍ നിന്ന് ഇതുവരെ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ്് വില ഈടാക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് നിയമ നടപടികള്‍ സ്വീകരിക്കും. അനര്‍ഹര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ സസ്പെഷന്‍ ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും നേരിടുക. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ച് മുന്‍ഗണ വിഭാഗത്തിലല്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.