താന്ത്രിക് മാനേജ്മെന്റിന്റെ വിജയഗാഥ

Wednesday 26 July 2017 11:36 pm IST

സാധാരണക്കാരായ ജനങ്ങള്‍ ഒരു സ്ഥാപനത്തെ നെഞ്ചോട് ചേര്‍ക്കണമെങ്കില്‍ വിശ്വാസ്യതയുടെ പവിത്രമായ പാരമ്പര്യം കൂടീയേ തീരൂ എന്ന് 'കൃഷ്ണ ജുവല്‍സ്' ഉടമയായ രവീന്ദ്രനാഥിനറിയാം. പാരമ്പര്യമായി ലഭിച്ച വിശ്വാസ്യത കാത്തു സൂക്ഷിച്ചു കൊണ്ട് തന്റെ മേഖലകളില്‍ സജീവ സാന്നിധ്യവും കര്‍മ്മനിരതനുമാണ് അദ്ദേഹം. വിശ്വാസ്യതയിലൂന്നിയുള്ള പ്രവര്‍ത്തനം വ്യാപാര വിജയത്തൊടൊപ്പം സമാജ നന്മയ്ക്കായുളള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനള്ള ഊര്‍ജ്ജവും നല്‍കുന്നുവെന്നാണ് രവീന്ദ്രനാഥ് സാക്ഷ്യപ്പെടുത്തുന്നത്. 1985 ആഗസ്റ്റ് 24ന് രവീന്ദ്രനാഥ് ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പോടെ കുഞ്ഞിക്കണ്ണന്‍ ജ്വല്ലറി എന്ന പേരില്‍ കണ്ണൂര്‍ ചെമ്പൂട്ടി ബസാറില്‍ 700 ഗ്രാം സ്വര്‍ണവുമായി 200 ചതുരശ്ര അടി ഷോറൂം ആരംഭിച്ചു. ഇതോടെയാണ് സ്വര്‍ണവ്യാപാര രംഗത്തേയ്ക്ക് രവീന്ദ്രനാഥ് കടന്നുവരുന്നത്. 1986 ല്‍ കണ്ണൂര്‍ ബല്ലാര്‍ഡ് റോഡിലും 1997 ആഗസ്റ്റ് 24 ജന്മാഷ്ടമി ദിനത്തില്‍ കുഞ്ഞിക്കണ്ണന്‍ ജ്വല്ലറി ഗോള്‍ഡ് ഹൗസ് 60 കിലോ സ്വര്‍ണവുമായി 2,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഷോറൂമില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനവിശ്വാസം നേടിയെടുത്ത കുഞ്ഞിക്കണ്ണന്‍ ജുവലറി പടിപടിയായി വളര്‍ന്നു. പിന്നീട് 2013ല്‍ കണ്ണൂര്‍ താവക്കരയില്‍ ആരംഭിച്ച കൃഷ്ണ ജുവല്‍സ് എന്നപേരിലുള്ള സ്വര്‍ണ വ്യാപാര സ്ഥാപനം നാലു നിലകളിലായി ഉത്തരകേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവ്യാപാര സ്ഥാപനമായി തലയുയര്‍ത്തിനില്‍ക്കുന്നു. 1954 ആഗസ്റ്റ് 24ന് ശ്രീലങ്കയിലെ കൊളംബോയില്‍ സമ്പന്നമായ സ്വര്‍ണ വ്യാപാരി കുടുംബത്തിലാണ് രവീന്ദ്രനാഥിന്റെ ജനനം. അഞ്ച് വയസുളളപ്പോള്‍ കണ്ണൂരിലെത്തിയ ഇദ്ദേഹം സെന്റ് മൈക്കിള്‍സ് ആംഗ്ലോ-ഇന്‍ഡ്യന്‍ ഹൈസ്‌കൂളിലും പിഎസ്ജി കോളേജ് ഓഫ് ടെക്‌നോളജി കോയമ്പത്തൂര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് മുംബൈ, സ്‌കൂള്‍ ഓഫ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍-കോര്‍ണല്‍ സര്‍വ്വകലാശാല യുഎസ്എ, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദബാദ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. 63-ാം വയസിലും അദ്ദേഹം ഒരേ സമയം വിദ്യാര്‍ത്ഥിയും അധ്യാപകനുമാണ്. 1985 മുതല്‍ സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്തേയ്ക്കു കടന്ന സി.വി. രവീന്ദ്രനാഥ് കണ്ണൂരിന്റെ സ്വര്‍ണാഭരണ നിര്‍മ്മാണ രംഗത്ത് 32 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. സ്വര്‍ണവ്യാപാര രംഗത്തേയ്ക്ക് കടന്നുവരുന്നതിന് മുന്നേ മുംബൈ ഹോട്ടല്‍ ഹോളിഡെ ഇന്നിന്റെ ഫുഡ് ആന്‍ഡ് ബിവറേജ് കണ്‍ട്രോളര്‍, ബെംഗളൂരു വെല്‍കം ഗ്രൂപ്പിന്റെ ഫുഡ് ആന്‍ഡ് ബിവറേജ് കണ്‍ട്രോളര്‍, കൊച്ചി ഹോട്ടല്‍ കാസിനോയുടെ ഫുഡ് ആന്‍ഡ് ബിവറേജ് മാനേജര്‍, ബഹറിന്‍ എയര്‍പോര്‍ട്ട് സര്‍വ്വീസ് ക്വാളിറ്റി കണ്‍ട്രോളര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാനന്നൂര്‍ ഡിസ്ട്രിക്ട് ജ്വല്ലറി അസോസിയേഷന്‍ പ്രസിഡന്റ്, കാനന്നൂര്‍ ഡിസ്ട്രിക്ട് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ജില്ലാ ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ്, റോട്ടറി ക്ലബ്ബ് ഓഫ് കാനന്നൂര്‍ സീ സൈഡ് പ്രസിഡന്റ്, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയും ആയിരുന്നു. നിരവധി ദേശീയ അന്തര്‍ദ്ദേശീയ സംഘടനകളില്‍ അംഗമാണ്. രാജീവ്ഗാന്ധി നാഷണല്‍ യൂണിറ്റി അവാര്‍ഡ്, ഇന്ത്യാ ഫോര്‍വാര്‍ഡ് അവാര്‍ഡ്, ഉദ്യോഗ് പ്രഗതി അവാര്‍ഡ്, ജമന്‍ലാല്‍ ബജാജ് ഉചിത് വ്യാപാര്‍ പുരസ്‌കാര്‍, ബിഐഎസ് അവാര്‍ഡ്, സരസ്വതി പുരസ്‌കാര്‍ (ബാലഗോകുലം) തുടങ്ങി നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തിരക്കേറിയ വ്യാപാര ഇടപാടുകള്‍ക്കിടയിലും രവീന്ദ്രനാഥ് എഴുത്തിനോടും വായനയോടുമുളള അഭിനിവേശം നിലനിര്‍ത്തുന്നു. 2001ല്‍ പ്രസിദ്ധപ്പെടുത്തിയ 'മൈ ലൗ അണ്‍ടു ദി' എന്ന കവിതാ സമാഹാരം ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് പോയറ്റ്‌സിന്റെ (യുഎസ്എ) ഇന്റര്‍ നാഷണല്‍ പോയറ്റ് ഓഫ് മെറിറ്റ് എന്ന ബഹുമതി അദ്ദേഹത്തിന് നേടിക്കൊടുത്തു. പ്രസ്തുത പുസ്തകം മധുര കാമരാജ് യൂണിവേഴ്സ്റ്റിയില്‍ ഒന്നാം വര്‍ഷ ബിരുദ പഠനത്തിന് പാഠപുസ്തകമായും പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. 2004 ല്‍ 'ദി സീക്രട്ട് ഓഫ് സീക്രട്ട്' എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. 2005ല്‍ രണ്ടാമത്തെ കാവ്യസമാഹാരമായ 'മൈ ഫിലിംഗ്‌സ് അണ്‍ടു ദീ', 2007ല്‍ എംഎഫില്‍ റിസര്‍ച്ച് ഗ്രന്ഥമായ യോഗയും ധ്യാനവുമായി ബന്ധപ്പെട്ട ലേഖന സമാഹാരങ്ങളും 2014ല്‍ 'സുധര്‍മ്മജയുടെ പുരുവന്‍' എന്ന കഥാസമാഹാരവും പ്രസിദ്ധപ്പെടുത്തി. കേരളത്തില്‍ സാമൂഹ്യ കലാ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ വര്‍ഷംതോറും രവീന്ദ്രനാഥ് മുന്‍കൈയെടുത്ത് മയില്‍പ്പീലി പുരസ്‌കാരം നല്‍കി ആദരിച്ചു വരുന്നുണ്ട്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കുടുംബങ്ങള്‍ക്കും അത്തരം കുടുംബങ്ങളില്‍ നിന്നുളള കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുളള ധനസഹായം വര്‍ഷങ്ങളായി നല്‍കി വരുന്നുണ്ട്. സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കളുടെ പഠനത്തിന് സഹായകമായി മെറിറ്റ് കം സ്‌കോളര്‍ഷിപ്പുകളും ജീവനക്കാരുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനായി മയില്‍പ്പീലിയെന്ന പേരില്‍ മാഗസിനും വര്‍ഷം തോറും പുറത്തിറക്കുന്നു. ഇരുനൂറോളം ജീവനക്കാര്‍ ജോലിചെയ്യുന്ന തന്റെ സ്ഥാപനത്തില്‍ ഇന്നോളം തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. മുതലാളി-തൊഴിലാളി ബന്ധത്തിനപ്പുറമുളള ബന്ധമാണ് രവീന്ദ്രനാഥും തൊഴിലാളികളും തമ്മിലുളളതെന്ന് ഇത് വ്യക്തമാക്കുന്നു. തൊഴിലാളികള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വഭാവമാണെന്ന് ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. പണം, സ്വര്‍ണം ഇവയില്‍ നിന്നെല്ലാം ഭിന്നമായി സര്‍ഗ്ഗാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് എഴുത്ത് തുടങ്ങിയത്. കണ്ണൂരില്‍ നടന്ന പല സംഭവങ്ങളുമായി ബന്ധപ്പെട്ട് മനസിലുണ്ടായ വികാരവായ്പുകള്‍, അമര്‍ഷം ഇവ ആദ്യ കവിതാ രചനയിലെത്തിച്ചതായി പില്‍ക്കാലത്ത് ശ്രദ്ധേയനായ എഴുത്തുകാരനായ രവീന്ദ്രനാഥ് പറയുന്നു. എം.വി. രാഘവനെതിരായ പ്രതിഷേധത്തിനിടയില്‍ സിപിഎമ്മുകാര്‍ പറശ്ശിനിക്കടവ് സ്‌നേക് പാര്‍ക്കിലെ പാമ്പുകളെ ചുട്ടുകൊന്നപ്പോള്‍, സ്വര്‍ണ സൂക്ഷിപ്പുകാരനെന്ന് വിശ്വസിക്കുന്ന നാഗരാജാവുമായി ബന്ധപ്പെട്ട് തന്നിലുണര്‍ന്ന വികാരവും വിചാരവും അമര്‍ഷവുമാണ് 'ഓഷ്യന്‍ ഓഫ് ലൗവ് അണ്‍ടു ദി', 'ഫീലിങ്‌സ് ഓഫ് ലൗവ് ഫ്‌ളൈറ്റ് ഓഫ് ലൗവ്' എന്നിവയിലൂടെ പുറത്തുവന്നത്. തുടര്‍ന്ന് നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചു. ബിജെപി നേതാവ് എല്‍.കെ. അദ്വാനി പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തില്‍ കണ്ണൂരിലെത്തിയ സന്ദര്‍ഭത്തില്‍ ആകസ്മികമായി അദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവറായി പ്രവര്‍ത്തിക്കേണ്ടിവന്ന അനുഭവവുമുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവിന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ഔദ്യോഗിക വാഹനം അനുവദിക്കാത്ത ഘട്ടത്തിലാണ് ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന അദ്വാനിയെ വഹിച്ചുകൊണ്ടുളള വാഹനം കാറുടമ തന്നെ ഓടിക്കണമെന്നും അദ്വാനി വന്ന് തിരിച്ചുപോകുന്നതുവരെ കാറില്‍ ഡ്രൈവര്‍ ഉണ്ടാകണമെന്നും വ്യവസ്ഥ ചെയ്തത്. അതോടെ മറ്റാരും വാഹനം ഓടിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ കരിമ്പൂച്ചകള്‍ക്ക് നടുവില്‍ അദ്വാനി കണ്ണൂരിലെത്തിയതു മുതല്‍ മടങ്ങുന്നതുവരെ ഡ്രൈവര്‍ ജോലി ചെയ്യേണ്ടിവന്നത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി അദ്ദേഹം പറയുന്നു. ആത്മീയ കാര്യങ്ങളിലും സജീവമായി ഇടപെടുന്നു. ചെറുപ്പത്തില്‍ വിവേകാനന്ദസ്വാമികളുടെ ഗ്രന്ഥങ്ങള്‍ വായിച്ചു വളര്‍ന്നതും ചിന്മയാനന്ദ സ്വാമികളോടുള്ള ആദരവും തമിഴ് ഭക്തിസിനിമകള്‍ ചെറുപ്പത്തിലേ കണ്ടു വളര്‍ന്നതും പില്‍ക്കാലത്ത് ആത്മീയതയോട് കൂടുതല്‍ അടുക്കുന്നതിന് സഹായിച്ചതായി രവീന്ദ്രനാഥ് പറയുന്നു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്പിരിച്വല്‍ ഇന്റലിജന്‍സ് വിഷയത്തില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയാണ് ഇപ്പോള്‍ അദ്ദേഹം. ലോകത്ത് കമ്മ്യൂണിസവും മുതലാളിത്തവും പരാജയപ്പെട്ടപ്പോള്‍ ബിസിനസ് രംഗത്ത് താന്ത്രിക മാനേജ്‌മെന്റ് പ്രയോഗിച്ചതാണ് തന്റെ വ്യാപാര വിജയത്തിന്റെ രഹസ്യമെന്ന് രവീന്ദ്രനാഥ് വിശ്വസിക്കുന്നു. സത്യം, ധര്‍മ്മം, കര്‍മ്മം എന്നിവ ജീവത്തില്‍ പാലിക്കുക, വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകുക- ഇങ്ങനെ ചെയ്താല്‍ പുതുതലമുറയ്ക്കും ബിസിനസ്സിലും ജീവിതത്തിലും വിജയമുറപ്പാണെന്ന് രവീന്ദ്രനാഥ് പറയുന്നു. സ്ത്രീകളെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മറ്റ് സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളുടെ രീതിയില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നരീതിയിലുള്ള തീമുകളാണ് രവീന്ദ്രനാഥ് പരസ്യത്തിനായി സ്വീകരിച്ചത്. അദ്ദേഹം തന്റെ സ്ഥാപനത്തിന്റെ പ്രചാരണത്തിനുപയോഗിക്കുന്ന പരസ്യവാചകങ്ങളിലുമുണ്ട് തനത് വ്യക്തിമുദ്ര. 'കണ്ണൂരിന്റെ വിശ്വാസ്യത', 'ജൗൃശ്യേ ീെ റശ്ശില', 'കണ്ണൂരിന്റെ മനസ്സറിഞ്ഞ ജ്വല്ലറി', 'സത്യം ധര്‍മ്മം കര്‍മ്മം', 'ജനനന്മയ്ക്ക് എന്നും മുന്നില്‍' എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ടാഗ്‌ലൈനുകള്‍ ഏറെ ശ്രദ്ധനേടി. നിരന്തരം പഠന-മനന പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്ന രവീന്ദ്രനാഥ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ പിഎച്ച്ഡി നേടി. എച്ച്എംസിടി, പിഡിഎസ്എച്ച്എം (ഐഎച്ച്എം, മുംബൈ), എസ്എംഇപി (ഐഐഎം അഹമ്മദ്), എംഎ, എംഎഫില്‍, ഫൈന്‍ ജ്വല്ലറി സെയില്‍സ് കണ്‍സള്‍ട്ടന്റ് (ജിഐഎ-യുഎസ്എ) എന്നീ വിദ്യാഭ്യാസ യോഗ്യതകളും അദ്ദേഹം നേടിയിട്ടുണ്ട്. സിവിആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്, റിലയന്‍സ് എയിംസ്, ശിവോഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍സ്, കൃഷ്ണ ബീച്ച് റിസോര്‍ട്ട് എന്നിവയുടെ സാരഥി കൂടിയായ രവീന്ദ്രനാഥ് തന്റെ വ്യാപാര വാണിജ്യ സേവന സംരംഭങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനുളള ശ്രമത്തിലാണ്. ഹോട്ടല്‍ കൃഷ്ണ ബ്ലൂംസ് എന്ന പേരില്‍ ഹോട്ടല്‍ സമുച്ചയവും ശിവോഹം ക്രിയേറ്റീവ് സ്‌കൂള്‍, കൃഷ്ണലീല ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മാള്‍, ശിവോഹം ബിസിനസ് സ്‌കൂള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. പ്രേമസുധയാണ് ഭാര്യ. സുനിത, സനിത, ശുഭ എന്നിവരാണ് മക്കള്‍. കണ്ണൂര്‍ അലവില്‍ പള്ളിയാംമൂല കൃഷ്ണ ബീച്ചില്‍ 'റെഡ് സണ്‍' വീട്ടിലാണ് രവീന്ദ്രനാഥും കുടുംബവും താമസിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.