സൈന സെമിയില്‍

Thursday 2 August 2012 10:55 pm IST

ലണ്ടന്‍: ഒളിമ്പിക്സിന്റെ ഏഴാം നാളും ഇന്ത്യക്ക്‌ തിരിച്ചടികള്‍ക്കിടയില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന്‌ സന്തോഷ വാര്‍ത്ത. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായ ലോക അഞ്ചാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ സെമിയിലേക്ക്‌ കുതിച്ചു. ഡെന്മാര്‍ക്കിന്റെ ടിനെ ബൗണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ സൈന സെമിയില്‍ സ്ഥാനമുറപ്പിച്ചത്‌. സ്കോര്‍: 21-15, 22-20. ഇതോടെ ഒളിമ്പിക്സ്‌ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ താരമായി സൈന. സെമിയില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ യിഹാന്‍ വാങ്ങാണ്‌ സൈനയുടെ എതിരാളി. ബീജിംഗ്‌ ഒളിമ്പിക്സില്‍ ക്വാര്‍ട്ടറിലെത്താനേ സൈനക്ക്‌ കഴിഞ്ഞിരുന്നുള്ളൂ.
ഓള്‍ ഇംഗ്ലണ്ട്‌ ജേതാവും ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ ടിനെക്കെതിരെ ഉജ്ജ്വല പോരാട്ടം തന്നെയാണ്‌ സൈന പുറത്തെടുത്തത്‌. ആദ്യ ഗെയിം ഏറെക്കുറെ അനായാസമായി നേടിയ സൈന രണ്ടാം ഗെയിമില്‍ ഒരു യഥാര്‍ത്ഥ ലോകോത്തര പോരാളിക്കൊത്ത പ്രകടനം പുറത്തെടുത്താണ്‌ വിജയിച്ചത്‌. ഒരുവേള ഗെയിം കൈവിടുമെന്ന്‌ തോന്നിച്ചെങ്കിലും തന്റെ ടെക്നിക്കും അനുഭവക്കരുത്തും അതിവിദഗ്ധമായി ഉപയോഗിച്ചതോടെയാണ്‌ മത്സരം തന്റെ വരുതിയിലാക്കിയത്‌. 20-18 എന്ന പോയിന്റില്‍ ടിനെ ഗെയിം സ്വന്തമാക്കുമെന്ന്‌ കരുതിയ സമയത്താണ്‌ തുടര്‍ച്ചയായി മൂന്ന്‌ ബ്രേക്ക്‌ പോയിന്റുകള്‍ സ്വന്തമാക്കി സമനില പിടിക്കുകയും മത്സരം സ്വന്തമാക്കിയതും.
അതേസമയം ഷൂട്ടിംഗ്‌ റേഞ്ചില്‍നിന്നും ബോക്സിംഗ്‌ റിംഗില്‍ നിന്നും ഇന്ത്യക്ക്‌ ഇന്നലെ തിരിച്ചടിയേറ്റു. ഷൂട്ടിങ്‌ ഡബിള്‍ ട്രാപ്പില്‍ യോഗ്യതാ റൗണ്ടില്‍ രണ്ട്‌ തവണ ലോക ചാമ്പ്യനായ രഞ്ജന്‍ സോധി ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറത്തായി. ഇത്തവണ ഇന്ത്യ ഏറെക്കുറെ മെഡല്‍ ഉറപ്പിച്ചിരുന്ന മത്സരയിനമായിരുന്നു ഇത്‌. യോഗ്യതാ റൗണ്ടില്‍ ഒരുവേള ഒന്നാം സ്ഥാനത്ത്‌ തുടര്‍ന്ന സോധിയെ അവസാന റൗണ്ടുകളിലെ പാഴ്‌വെടികളാണ്‌ ചതിച്ചത്‌. ലോകചാമ്പ്യന്‌ പതിനൊന്നാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്യാനായത്‌. 0.893 ശരാശരിയോടെ 134 പോയിന്റാണ്‌ സോധി നേടിയത്‌. യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ ആറുപേര്‍ മാത്രമാണ്‌ ഫൈനലിന്‌ യോഗ്യത നേടിയത്‌. 0.953 ശരാശരിയില്‍ 143 പോയിന്റ്‌ നേടിയ ബ്രിട്ടന്റെ വില്‍സണ്‍ പീറ്റര്‍ റോബര്‍ട്ട്‌ റസ്സലാണ്‌ യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്‌.
ബോക്സിങ്ങില്‍ ഇന്ത്യയുടെ ജയ്‌ ഭഗവാന്‍ പരാജയം ഏറ്റുവാങ്ങി പുറത്തായി. പുരുഷന്മാരുടെ 60 കിലോഗ്രാം ലൈറ്റ്‌വെയ്റ്റ്‌ പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്താന്റെ ഗനി ഷായിലൗവോവിനോടാണ്‌ ഭഗവാന്‍ തോറ്റത്‌ (16-8). ആദ്യ റൗണ്ട്‌ 3-2ന്‌ ജയിച്ച ജയ്ഭഗ്‌വാന്‍ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. എന്നാല്‍, രണ്ടാം റൗണ്ടില്‍ മാരക ഫോമിലേയ്ക്കുയര്‍ന്ന ഗനി അക്ഷരാര്‍ഥത്തില്‍ തന്നെ ഭഗവാനെ ഇടിച്ചു നിഷ്പ്രഭനാക്കുകയായിരുന്നു. രണ്ടാം റൗണ്ടില്‍ 10-3നും മൂന്നാം റൗണ്ടില്‍ 4-2നും ജയ്‌ ഭഗ്‌വാന്‍ പരാജയപ്പെടുകയായിരുന്നു.
അതേസമയം മെഡല്‍ വേട്ടയില്‍ ചൈന അമേരിക്കയെ പിന്തള്ളി കുതിക്കുകയാണ്‌. ചൈന 18 സ്വര്‍ണ്ണവും 10 വെള്ളിയും 4 വെങ്കലവും കരസ്ഥമാക്കിയപ്പോള്‍ അമേരിക്കക്ക്‌ 14 സ്വര്‍ണ്ണവും 8 വെള്ളിയും 9 വെങ്കലവുമാണ്‌ സ്വന്തമായിട്ടുള്ളത്‌. ഹോക്കിയില്‍ ഇന്ന്‌ നടക്കുന്ന നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന്‌ ജര്‍മ്മനിയെ നേരിടും. നോക്കൗട്ട്‌ റൗണ്ട്‌ സാധ്യത നേരിയ തോതിലെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇന്ന്‌ ഇന്ത്യക്ക്‌ ജയിച്ചേ മതിയാവൂ.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.