മിന്നാമിനുങ്ങിലെ മിന്നും നക്ഷത്രം

Wednesday 26 July 2017 11:40 pm IST

സിനിമയില്‍ പേരില്ലാത്ത കേന്ദ്ര കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ടോ? കഥാപാത്രങ്ങളെ അറിയണം എങ്കില്‍ അവര്‍ക്കൊരു പേര് ഉണ്ടാവണം. എന്നാല്‍ ആ സങ്കല്‍പത്തെ തിരുത്തുകയാണ് മിന്നാമിനുങ്ങ് എന്ന സിനിമ. അതിലെ മുഖ്യകഥാപാത്രത്തെ നമുക്ക് അമ്മയെന്നോ സഹോദരിയെന്നോ മകളെന്നോ കൂട്ടുകാരിയെന്നോ വിളിക്കാം. എങ്കിലും കൂടുതല്‍ ചേരുക അമ്മയെന്നാണ്. ആ കഥാപാത്രത്തെ ഉജ്വലമാക്കിയതാക്കട്ടെ സുരഭി ലക്ഷ്മിയും. ദേശീയ പുരസ്‌കാരം നേടുക വഴി ആ കഥാപാത്രവും സിനിമ പ്രദര്‍ശനത്തിനെത്തും മുന്നേ ചര്‍ച്ചയായിരുന്നു. ആ പ്രതീക്ഷകള്‍ ഒന്നും തന്നെ ഇവിടെ തെറ്റുന്നില്ല. ജീവിതം മുന്നോട്ട് നീക്കാനുള്ള തത്രപ്പാടില്‍ ഒരു നിമിഷം പോലും അവള്‍ക്ക് പാഴാക്കാനില്ല. ആ അമ്മയ്ക്ക് പ്രതീക്ഷയുടെ തുരുത്ത് തീര്‍ക്കുന്നത് ചാരുവെന്ന മകളാണ്. അവളുടെ ചിരിക്കണ മുഖമാണ് കഥാനായികയ്ക്ക് സന്തോഷം നല്‍കുന്നതും. തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നായികയെ കോഴിക്കോട്ടുകാരിയായ സുരഭി അനായാസമായി അവതരിപ്പിച്ചു. പുരുഷ കഥാപാത്രങ്ങള്‍ അടക്കിവാഴുന്ന മലയാള സിനിമ ലോകത്ത്, പൂര്‍ണമായും ഒരു പെണ്ണിന്റെ വീക്ഷണകോണിലൂടെ അടയാളപ്പെടുത്തുന്ന സിനിമയാണ് മിന്നാമിനുങ്ങ്. സുരഭിലക്ഷ്മി അവതരിപ്പിച്ച, ദാരിദ്ര്യവും, അലച്ചിലും കൂടപ്പിറപ്പായ ഒരു വീട്ടമ്മയെ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലൂടെ നമുക്ക് കാണാം. ഒരേയൊരുലക്ഷ്യവുമായാണ്, നേരം പുലരുമ്പോള്‍ മുതല്‍ പാതിരയോടടുത്ത് കിടക്കയിലേക്ക് തളര്‍ന്ന് വീഴുംവരെ അവരുടെ നെട്ടോട്ടം. വിശ്രമം എന്തെന്ന് അറിയാത്ത യുവതിയെ, അമ്മയെ അവതരിപ്പിച്ച് അത്ഭുതപ്പെടുത്തുന്നു സുരഭി. പശുവിനെ കറന്നുകിട്ടുന്നപാലും, നാലഞ്ചു കോഴിമുട്ടയും നിസ്സാരമായി വിളയുന്ന പച്ചക്കറിയും വിറ്റുകിട്ടുന്ന തുകയും വീട്ടുവേലയില്‍ നിന്നും ഓഫീസിലെ തൂപ്പുജോലിയില്‍ നിന്നും കിട്ടുന്ന തുച്ഛമായ പണവും ചേര്‍ത്തുവച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നടത്തുന്ന പെടാപ്പാട് തന്റെ ഒരേയൊരു കുരുന്നിനുവേണ്ടിമാത്രം. അതിലപ്പുറം തനിക്കൊരു മോഹവുമില്ലെന്ന് നമുക്ക് കാണിച്ചുതരികയാണ് ആ വീട്ടമ്മ. മാതാപിതാക്കളോട് പോലും യാതൊരു പ്രതിബദ്ധതയുമില്ലാത്ത മക്കളെ അഭ്രപാളിയിലൂടെ ഒന്നുകൂടി മനസിലാക്കിത്തരികയാണ് മിന്നാമിനുങ്ങ്. വയസേറെ ചെന്നിട്ടും അടങ്ങി ഒതുങ്ങിയിരിക്കാതെ മകള്‍ക്കൊപ്പം അന്തിമയങ്ങുംവരെ പണിചെയ്യേണ്ടിവരുന്ന അച്ഛന്‍. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങി വള്ളത്തില്‍ അക്കരെപറ്റി ബസില്‍ കയറി നഗരത്തിന്റെ തിരക്കിലേക്ക് അലിഞ്ഞുചേരുകയാണ് ഇവര്‍. മകളെ ഉയര്‍ന്ന നിലയില്‍ പഠിപ്പിച്ചെടുക്കാനാണ് അല്ലലറിയിക്കാതെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത്. അതാണ് ഇവരുടെ ലക്ഷ്യം. കൈയെത്തും ദൂരത്തല്ല എന്നറിഞ്ഞിട്ടും മോഹിക്കുവാന്‍ അവകാശമുണ്ടല്ലോ. ഒഴുക്കിനെതിരെ തുഴയെറിയുകയാണ് ചെറിയൊരുകുടിലില്‍ കഴിയുന്നവര്‍. യൗവനത്തിലേക്കു പ്രവേശിക്കുന്ന മകള്‍ പ്രിയപ്പെട്ടവനും കൂട്ടുകാര്‍ക്കൊപ്പം നാടുവിടാന്‍ നിശ്ചയിക്കുമ്പോഴാണ് ആ അമ്മ കൂടുതല്‍ ഏകയാകുന്നത്. പഠനം ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് യാത്രയാവുന്നത് അമ്മയേയും അപ്പൂപ്പനേയും വഴിയാധാരമാക്കിയാണ്. താന്‍ ചെയ്യുന്നത്, ചെന്നുവീഴാന്‍ പോവുന്നത് അബദ്ധത്തിന്റെ പടുകുഴിയിലേക്കാണെന്ന് അറിഞ്ഞിട്ടും മകളെ നിരുത്സാഹപ്പെടുത്തിയില്ല. മകളുടെ ജീവിതം ശോഭനമാകുമോയെന്ന് യാതൊരു ഉറപ്പുമില്ലാതിരിക്കെ അവര്‍ എടുത്ത തീരുമാനം അത്യന്തം സാഹസികമാണ്. തുടര്‍ന്നും അവര്‍ ജീവിക്കുന്നതും വര്‍ഷങ്ങള്‍ക്കുശേഷം തന്നെ കാണാന്‍ എത്തിയേക്കാവുന്ന മകള്‍ക്കുവേണ്ടിത്തന്നെ. ജീവിതത്തില്‍ താങ്ങായി രോഗബാധിതനായ അച്ഛന്‍ മാത്രമുള്ള ഒരു സ്ത്രീയ്ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അനായാസമായി അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നു സുരഭിലക്ഷ്മി. മകള്‍ യാത്രയാവുന്ന പുലര്‍ച്ചയില്‍ ഒരന്തവും കാണാതെ കായല്‍ക്കരയിലിരുന്ന് വിദൂരതയിലേക്ക് കണ്ണും നട്ട് ദിവാസ്വപ്‌നം കാണുന്നരംഗം മികച്ചമുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. തന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും പ്രാണനുതുല്യയായി സ്‌നേഹിച്ച മകള്‍ വിമാനമേറി അനന്തതയിലേക്ക് മറയുന്നത് അത്യധികം സന്തോഷത്തോടെ കണ്ട് എല്ലാം മറക്കുകയാണ് ആ അമ്മ. ഒറ്റയ്ക്ക് മകളെ വളര്‍ത്തേണ്ടി വരുന്ന ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ കഥയാണ് മിന്നാമിനുങ്ങ്. അവളുടെ ജീവിതം അതിനനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതുതന്നെ. സാവധാനം നടക്കുവാന്‍ അവള്‍ക്ക് നേരമില്ല. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടം അവളുടെ ശരീരഭാഷയില്‍ തന്നെ പ്രകടമാകുന്നുണ്ട്. ജീവിതത്തില്‍ ആണ്‍തുണയില്ലാതെ പോകുന്ന പെണ്ണ്, പ്രത്യേകിച്ചും അവള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലെങ്കില്‍ ചൂഷണം ചെയ്യപ്പെട്ടേക്കാം എന്നൊരു യാഥാര്‍ത്ഥ്യത്തിലേക്കും സിനിമ വിരല്‍ചൂണ്ടുന്നുണ്ട്. മകളിലും അച്ഛനിലുമായി തന്റെ ലോകത്തെ ഒതുക്കി നിര്‍ത്തുന്നതിനപ്പുറം മറ്റൊരു വികാരവും തനിക്ക് തോന്നിയിട്ടില്ലെന്ന് സുരഭിയുടെ കഥാപാത്രം വെളിപ്പെടുത്തുമ്പോള്‍ ആ കഥാപാത്രത്തിന് അത്രത്തോളം വ്യക്തിത്വം കൈവരുന്നു. ഓരോ പരീക്ഷണവും അവളെ കൂടുതല്‍ കരുത്തുള്ളവളാക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ക്ക് ആര്‍ജ്ജവത്തോടെ മുന്നോട്ടുപോകുന്നതിന് പ്രചോദനം നല്‍കുന്നതാണ് മിന്നാമിനുങ്ങിന്റെ പ്രമേയം. തള്ളിപ്പറയുന്നതും തനിച്ചാക്കി പോകുന്നതും നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയവരാണെങ്കില്‍ പോലും തളരാതെ നില്‍ക്കുന്ന, കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന ശക്തമായ സ്ത്രീകഥാപാത്രം അടുത്തകാലത്തൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. നിര്‍മ്മാല്യത്തിലെ പി.ജെ. ആന്റണി എന്ന അഭിനയ പ്രതിഭയുടെ വെളിച്ചപ്പാടിനൊപ്പം നില്‍ക്കുകയാണിവിടെ സുരഭിലക്ഷ്മി എന്ന സുവര്‍ണതാരം. അനില്‍തോമസ് എന്ന സംവിധായകനും തിരക്കഥാകൃത്ത് മനോജ് രാംസിങ്ങിനും അഭിമാനിക്കാം മിന്നാമിനുങ്ങിനെ മികവുറ്റതാക്കിയതില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.