കുമളി ആശുപത്രിയുടെ പ്രവര്‍ത്തനം പാളുന്നു

Thursday 27 July 2017 8:17 pm IST

കുമളി: രോഗം ബാധിച്ച് കുമളിയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട ഗതികേടാണ്. പ്രതിദിനം മുന്നൂറോളം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. നാല് ഡോക്ടര്‍മാര്‍ ഈ സര്‍ക്കാര്‍ ആശുപത്രയില്‍ സേവനം അനുഷ്ഠിക്കുന്നതായി ബോര്‍ഡില്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും സാധാരണ ഡ്യൂട്ടിയില്‍ ഉണ്ടാവുക പരമാവധി രണ്ടുപേര്‍ മാത്രമാണ്. രാവിലെ മുതല്‍ രോഗികളെ പരിശോധിക്കുന്ന ഡ്യൂട്ടി ഡോക്ടര്‍ക്ക് ഇതിനിടെ കിടപ്പു രോഗികളെ ചികിത്സിക്കാന്‍ പോകേണ്ടതായി വരുന്നു. ഇത്രയും സമയം ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ രോഗികള്‍ കാത്തുനില്‍ക്കണം. പിന്നീട് ഡോക്ടറുടെ പരിശോധന കുറിപ്പുമായി മരുന്ന് വാങ്ങാന്‍ എത്തിയാല്‍ അവിടെയും കാണാം പൊതുവഴി വരെ നീളുന്ന രോഗികളുടെ നീണ്ടനിര. മരുന്ന് വിതരണ സ്ഥലത്ത് ഒരാള്‍ മാത്രമാണ് ജോലിയില്‍ ഉള്ളത്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാരോ മറ്റ് ജീവനക്കാരോ ഇല്ല. രോഗികളെ കിടത്തി ചികിത്സ നല്‍കുന്ന ആശുപത്രിയായിരുന്നിട്ടും രാത്രി കാലങ്ങളില്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ എത്തുന്ന രോഗികളെ നഴ്‌സുമാര്‍ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നു. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് അമിത ഭാരമായതിനാല്‍ തുടര്‍ച്ചയായി ചുമതല നിര്‍വഹിക്കാന്‍ കഴിയാതെ അവധിയെടുക്കുന്നതോടെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ നിത്യസംഭവമാണ്. തേക്കടിയില്‍ ബോട്ടു ദുരന്തമുണ്ടായപ്പോഴും, ശബരിമല പുല്ലുമേട് ദുരന്ത സമയത്തും ഇവിടെയെത്തിയ സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെ ഈ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നു വാഗ്ദാനം നല്‍കിയെങ്കിലും എല്ലാം പാഴ്‌വാക്കായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.