നെല്ല് സംഭരണവില ലഭിക്കാന്‍ വൈകിയത് കൃഷിമന്ത്രിയുടെ നിസ്സഹകരണം മൂലം

Thursday 27 July 2017 9:45 pm IST

തൃശൂര്‍: കര്‍ഷകര്‍ക്ക് നെല്ല് സംഭരണവില ലഭിക്കാന്‍ മാസങ്ങള്‍ വൈകിയതിന് കാരണം കൃഷിമന്ത്രി സുനില്‍കുമാറിന്റെ നിലപാടെന്ന് ആരോപണം. കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍ മന്ത്രി സഹകരിച്ചില്ലെന്നാണ് ആരോപണം. സംഭരണ വില നല്‍കാന്‍ സപ്‌ളൈകോക്ക് വായ്പ നല്‍കാനുള്ള തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ നിര്‍ദ്ദേശവുമായി മന്ത്രി സഹകരിച്ചില്ല എന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എം.കെ. അബ്ദുള്‍സലാംപറയുന്നു. കഴിഞ്ഞവിളയില്‍ സപ്ലൈകോ സംഭരിച്ച വകയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ളത് 47.5 കോടി രൂപയാണ്. നെല്ല് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിക്കാതെ കര്‍ഷകര്‍ കണ്ണീര് കുടിക്കുകയാണ്. അടിയന്തിരമായി പണം നല്‍കുമെന്ന് കൃഷിമന്ത്രി പലവട്ടം പറഞ്ഞെങ്കിലും വാക്ക് പാലിക്കാനായില്ല. കഴിഞ്ഞ മാസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കര്‍ഷകരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കുടിശിക തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം നല്‍കാന്‍ കഴിഞ്ഞ ജനുവരിയില്‍ ജില്ലാ സഹകരണ ബാങ്ക് തയ്യാറായിരുന്നുവെന്നും മന്ത്രിയുടെ സമ്മതം കിട്ടാത്തതിനാല്‍ നടപ്പിലായില്ലെന്നുമാണ് അറിയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നെല്ല് സംഭരണ വില കുടിശിക തീര്‍ക്കാന്‍ സപ്ലൈകോയ്ക്ക് പണം നല്‍കിയത് ജില്ലാ സഹകരണ ബാങ്കായിരുന്നു. 2015 ല്‍ നൂറ് കോടിയും 2016 ല്‍ 150 കോടിയും നല്‍കി. നിലവില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് 200 കോടി രൂപയെടുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിട്ടുണ്ട്. ഇത്തവണ കിലോയ്ക്കു 22.50 രൂപാ പ്രകാരമാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇതില്‍ 14.70 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ് ബോണസുമാണ്്. നവംബര്‍ അഞ്ചുവരെ സംഭരിച്ച നെല്ലിനു കേന്ദ്രവിഹിതംലഭിച്ചെങ്കിലും സംസ്ഥാന വിഹിതം ലഭിക്കാത്തതാണ് നെല്ലുവില വിതരണം പൂര്‍ത്തിയാകാത്തതിനു പിന്നില്‍. രണ്ടാം കൃഷിയില്‍ നിന്നും 15,930 ടണ്‍ നെല്ലു സംഭരിച്ചയിനത്തില്‍ 66,961 കര്‍ഷകര്‍ക്കായി 346,91, 24767 രൂപയാണ് നല്‍കാനുണ്ടായിരുന്നത്. നെല്ല് സംഭരണം നടത്തി രണ്ടുമാസമായിട്ടും പണം ലഭിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതോടെ ഉടന്‍ തുക വിതരണം ചെയ്യുമെന്ന് അധികൃതര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. പണം സപ്ലൈകോയ്ക്കു ലഭിച്ചതായും ഇത് വിവിധ ബാങ്കുകളിലേക്കു വിതരണത്തിനായി കൈമാറിയെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞദിവസം വരെ 50,50,02,256 രൂപയാണ് നെല്ലു സംഭരണ വിലയായി സംസ്ഥാനത്ത് വിതരണം ചെയ്തത്. 2,96,41 2251 കോടി അഞ്ചുജില്ലകളിലെ കര്‍ഷകര്‍ക്ക് സപ്ലൈകോ ഇനി നല്‍കാനുണ്ട്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ തുക നല്‍കാനുള്ളത്. 39815 കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച ഇനത്തില്‍ 217 കോടി രൂപ നല്‍കണം. എന്നാല്‍ ഇതുവരെ 23 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 194 കോടി കര്‍ഷകര്‍ക്കു നല്‍കാനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.