സഹ. ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി

Thursday 27 July 2017 9:47 pm IST

പാലക്കാട്: മിനിമം വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ആശുപത്രിയിലെ ഒരു വിഭാഗം നഴ്‌സുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ബിഎംഎസ് അംഗങ്ങളായ 45 നഴ്‌സുമാര്‍ 24ദിവസമായി നടത്തി വന്ന പണിമുടക്കാണ് ഒത്തുതീര്‍പ്പായത്. ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌നം പരിഹരിച്ചത്. മാനെജ്‌മെന്റ് , തൊഴിലാളികള്‍,യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം ജില്ലാകളക്ടര്‍ നിര്‍ദേശിച്ച പ്രകാരം തൊഴിലാളികള്‍ക്ക് 1500 രൂപ ഇടക്കാലാശ്വാസമായി ശമ്പളത്തില്‍ വര്‍ധനവ് നല്‍കാന്‍ മാനെജ്‌മെന്റ് സമ്മതിച്ചു. തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികളും തൊഴിലാളികളും നിര്‍ദേശം അംഗീകരിച്ചു. സ്ഥാപനത്തിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്ക് മാനെജ്‌മെന്റ് 2017 ജനുവരി മുതല്‍ നല്‍കിയ ഇടക്കാല ശമ്പളവര്‍ധനവ് തുകയായ 500 രൂപയ്ക്ക് പുറമെ ആഗസ്റ്റ് മുതല്‍ 1000 രൂപ വര്‍ധനവ് നല്‍കും. 2017 ജനുവരി മുതല്‍ 500 രൂപ ശമ്പളവര്‍ധനവ് കൈപ്പറ്റിയിട്ടില്ലാത്ത തൊഴിലാളികള്‍ക്ക് ജനുവരി മുതല്‍ ജൂലൈ വരെയുള്ള 500 രൂപ വര്‍ധനവിന്റെ കുടിശ്ശിക നല്‍കാമെന്നും തുടര്‍ന്ന് ഓഗസ്റ്റ് മുതല്‍ 1500 രൂപ വര്‍ധനവ് നല്‍കാമെന്നും മാനെജ്‌മെന്റ് സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് ഭാരതീയ മസ്ദൂര്‍ സംഘം തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയന്‍ ഭാരവാഹികള്‍ സമ്മതിച്ചത്. സഹകരണ ആശുപത്രി മാനെജിങ് ഡയറക്ടര്‍ മണികണ്ഠന്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ്, ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) സി.എം.സക്കീന, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.കെ.ബാബു, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്‍ ,കെ.സുധാകരന്‍, എം.ആര്‍.മണികണ്ഠന്‍,എസ്.സുദര്‍ശനന്‍, സമരക്കാരുടെ പ്രതിനിധികളായി ഷൈലജ, സുന്ദരന്‍, മോഹിനി,വിഘ്‌നേഷ്,ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.