ബീഹാറിലും എന്‍ഡിഎ

Friday 28 July 2017 12:43 am IST

ന്യൂദല്‍ഹി: അഴിമതി സഖ്യമുപേക്ഷിച്ച് ബീഹാര്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായുള്ള ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാര്‍ എന്‍ഡിഎ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍ഡിഎ സഖ്യം ഇന്ന് വിശ്വാസ വോട്ട് തേടും. തുടര്‍ന്ന് മന്ത്രിസഭാ രൂപീകരണം. ബിജെപിയില്‍നിന്ന് 14 പേര്‍ മന്ത്രിമാരാകുമെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി പദം രാജിവയ്ക്കണമെന്ന ആവശ്യം ആര്‍ജെഡി നിരസിച്ചതാണ് സഖ്യം ഉപേക്ഷിക്കാന്‍ ജെഡിയുവിനെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്ന നിതീഷ് രാജിവച്ച് 12 മണിക്കൂറിനുള്ളില്‍ എന്‍ഡിഎ ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിശാല സഖ്യം സ്വപ്‌നം കണ്ടിരുന്ന കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തില്‍ ഞെട്ടലിലാണ്. 243 അംഗ നിയമസഭയില്‍ ജെഡിയുവിന് 71 സീറ്റുണ്ട്. ബിജെപിക്ക് 53 അംഗങ്ങള്‍. 122 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ആര്‍ജെഡിക്ക് 80, കോണ്‍ഗ്രസ്സിന് 27 അംഗങ്ങളുണ്ട്. 17 വര്‍ഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് 2015 ജൂലൈയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് നിതീഷ് ലാലുവുമായി കൈകോര്‍ത്തത്. കേന്ദ്രമന്ത്രി ജെ.പി. നദ്ദ, ബിജെപി നേതാവ് അനില്‍ ജെയ്ന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.