മനോജിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

Friday 3 August 2012 3:59 pm IST

തിരുവനന്തപുരം‌: ഇന്നലെ കാസര്‍കോട് ഉദുമയിലുണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് എ.എസ്.പി മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതിനിടെ മനോജിന്റെ പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റി. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലേക്കാണ്‌ പോസ്റ്റുമോര്‍ട്ടം മാറ്റിയത്‌. വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വേണം പോസ്റ്റുമോര്‍ട്ടം നടത്താനെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണിത്‌. വിദ്യാനഗറിലെ യമഹ സര്‍വീസ്‌ സെന്‍റര്‍ ഷോറൂം ജീവനക്കാരനാണ്‌ മനോജ്‌. ഇന്നലെ രാവിലെ പ്രകടനത്തില്‍ പങ്കെടുത്ത്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോഴാണ്‌ തച്ചങ്ങാട്ടുവെച്ച്‌ ബൈക്കുകളിലെത്തിയ ഒരുസംഘം മനോജിനെ അക്രമിച്ചത്‌. എസ്‌എഫ്‌ഐ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ എ.വി.ശിവപ്രസാദ്‌ നടന്നുപോകുമ്പോഴാണ്‌ മനോജിനെ ഒരുസംഘം അക്രമിക്കുന്നത്‌ കണ്ടത്‌. ശിവപ്രസാദിനെ കണ്ടയുടനെ അക്രമിസംഘം ബൈക്കില്‍ രക്ഷപ്പെട്ടു. മനോജിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തലക്ക്‌ പിന്നിലേറ്റ അടിയാണ്‌ മരണകാരണമെന്ന്‌ സംശയിക്കുന്നു. പരേതനായ രാഘവന്റെയും നാരായണിയുടെയും മകനാണ്‌ കൊല്ലപ്പെട്ട മനോജ്‌. സഹോദരങ്ങള്‍: സുരേശന്‍, മണികണ്ഠന്‍, സുലോചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.