പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജി വച്ചു

Friday 28 July 2017 4:41 pm IST

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജി വച്ചു. പനാമ അഴിമതിക്കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി. ഷെരീഫിന്റെ നിയമസഭാ സീറ്റ്​ റദ്ദാക്കാനും കോടതി തെരഞ്ഞടുപ്പ്​കമ്മീഷനോട്​ആവശ്യപ്പെട്ടിരുന്നു. ദുബൈയിലെ കാപിറ്റൽ എഫ്​.ഇസഡ്​.ഇ കമ്പനിയിൽ ഷെരീഫിന് പങ്കുള്ള കാര്യം നാമനിർദേശ പത്രികയിൽ കാണിച്ചിട്ടില്ലെന്നും അതിനാൽ അദ്ദേഹം സത്യസന്ധനല്ലെന്നും നിരീക്ഷിച്ചാണ്​ സീറ്റ്​ റദ്ദാക്കാൻ കോടതി ആവശ്യപ്പെട്ടത്​. അഞ്ചംഗ ബഞ്ച് എകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്. ഷെരീഫിനെതിരെ അന്വേഷണം നടത്തിയ സംയുക്ത അന്വേഷണ സമിതി ശേഖരിച്ച രേഖകൾ ആറ്​ആഴ്ചക്കുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. നാല്​ ആഡംബര ഫ്ലാറ്റുകള്‍ ലണ്ടനിൽ ഷെരീഫിനുണ്ട്​. ​ഷെരീഫിനെതിരെ കേസെടുക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട്​ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാൻ നൽകിയ പരാതിയിലാണ്​വിധി വന്നത്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.