ബിഎസ്എന്‍എല്‍ ലാന്‍ഡ് കണക്ഷനുകള്‍ക്ക് മുന്‍ഗണന

Friday 28 July 2017 7:10 pm IST

ആലപ്പുഴ: ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ ജനറല്‍ മാനേജര്‍ സി. മനോജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലാന്‍ഡ് ലൈനുകളുള്ളത് ജില്ലയിലാണ്. മറ്റു മൊബൈല്‍ സേവന ദാതാക്കളുമായി കടുത്ത മത്സരം നേരിടുമ്പോഴും ജില്ലയില്‍ ബിഎസ്എന്‍എലിന് എട്ടുശതമാനം വളര്‍ച്ച നേടാനായതായി അദ്ദേഹം പറഞ്ഞു. 1,46,842 ലാന്‍ഡ് കണക്ഷനുകളാണ് ജില്ലയില്‍ ബിഎസ്എന്‍എലിനുള്ളത്. 48,178 ബ്രോഡ് ബാന്‍ഡ് കണക്ഷനുകളും 458 എഫ്ടിടിഎച്ച് കണക്ഷനുകളും 886 ലീസ്ഡ് ലൈന്‍ കണക്ഷനുകളുമുണ്ട്. മൊബൈല്‍ ഫോണ്‍ രംഗത്ത് 13,314 പോസ്റ്റ് പെയ്ഡ് കണക്ഷനുകളും 4,28,928 പ്രീപെയ്ഡ് കണക്ഷനുകളുമാണുള്ളത്. ജില്ലയിലെ ബ്രോഡ്ബാന്‍ഡ് ഡെന്‍സിറ്റി 33 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുതായി 16 ടുജി സൈറ്റുകളും 135 ത്രീജി സൈറ്റുകളും കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. മൊബൈല്‍ സേവന രംഗത്ത് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ 40ഓളം ടവറുകള്‍ ഇനിയും വേണം. എന്നാല്‍ പ്രാദേശിക എതിര്‍പ്പുമൂലം മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. പ്രാദേശിക തലങ്ങളില്‍ നടത്തുന്ന മേളകളിലൂടെ വിച്ഛേദിക്കപ്പെട്ട ലാന്‍ഡ് ലൈനുകള്‍ ബില്‍ കുടിശിഖ തീര്‍ത്ത പുനസ്ഥാപിക്കേണ്ടതാണ്. കൂടാതെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാകും. നടപ്പു സാമ്പത്തിക വര്‍ഷം 85 ടുജി സൈറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യും. റോഡുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബിഎസ്എന്‍എലിന്റെ യുജി കേബിളുകള്‍ വ്യാപകമായി തകരാറുകള്‍ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ജന. മാനേജര്‍മാരായ ജയിസ് ടി.വി. അനില്‍കുമാര്‍ മേനോന്‍, വേണുഗോപാല്‍, സദാനന്ദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.