പരിശോധന നടത്താതെ ഭക്ഷ്യസുരക്ഷ വകുപ്പ്

Friday 28 July 2017 8:34 pm IST

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യ വസ്തുക്കളിലും, വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നില്ലെന്ന പരാതി ശക്തമാകുന്നു. കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും പരിശോധന നടത്താന്‍ ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളില്‍ സൗകര്യമില്ല. അതിനാല്‍ ഇതു വഴി വ്യാപകമായി മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ കടന്നു വരികയാണ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുന്നതിനോ കടകളില്‍ വേണ്ടത്ര പരിശോധനകള്‍ നടത്താനോ അധികൃതര്‍ തുനിയുന്നില്ലെന്നാണ് ആരോപണം. സര്‍ക്കാര്‍ 'ഓപറേഷന്‍ രുചി' എന്ന പേരില്‍ തുടക്കമിട്ട പദ്ധതിയില്‍ പോലും ജില്ലയിലെ ആരോഗ്യ വകുപ്പ് വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്ന ആരോപണവുമുണ്ട്. നഗരങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നിര്‍മിച്ചു നല്‍കുന്ന ഭക്ഷ്യ ഉല്‍പന്ന കേന്ദ്രങ്ങള്‍ കൂണു പോലെ മുളച്ചുപൊങ്ങുകയാണ്. ഇവര്‍ക്കു ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനോ നിര്‍മിക്കുന്നതിനോ ഭക്ഷ്യവകുപ്പിന്റെ ലൈസന്‍സുകള്‍ ഇല്ല. ശുചിത്വവും വൃത്തിയുമില്ലാതെ നടത്തുന്ന ഇത്തരം സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധന നടത്താനോ നടപടികളെടുക്കാനോ ശ്രമിക്കാറില്ല. മഴക്കാലമായതിനാല്‍ ബേക്കറികളിലും കൂള്‍ബാറുകളിലും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പലപ്പോഴും വേണ്ടത്ര മുന്‍കരുതലെടുക്കാറില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.