മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി

Friday 28 July 2017 10:05 pm IST

മുക്കം: ജനവാസ മേഖലയില്‍ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി. തോട്ടുമുക്കത്തിനടുത്ത് ചുണ്ടത്തും പൊയിലില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിരവധി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് മാലിന്യം തള്ളാന്‍ രാത്രി 12 മണിയോടെ രണ്ട് ലോഡ് മാലിന്യം എത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ മുക്കം പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ വാഹനം വിട്ടു നല്‍കാന്‍ ശ്രമം നടന്നതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വാഹനം കസ്റ്റഡിയില്‍ എടുക്കാമെന്ന ഉറപ്പിലാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. സ്വകാര്യ വ്യക്തി ഒരു ലോഡ് മാലിന്യം തന്റെ പറമ്പില്‍ വലിയ കുഴിയെടുത്ത് മൂടുന്നതിനായി 2000 രൂപയാണ് വാങ്ങുന്നത്. ഇയാളുടെ വീടുമായി സ്ഥലത്തിന് ഏറെ ദൂരമുള്ളതിനാല്‍ ദുരിതം മുഴുവന്‍ പ്രദേശവാസികള്‍ക്കാണ്. ഇവിടെ പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. അതേ സമയം സ്ഥിരം മാലിന്യം തള്ളാനെത്തുന്നവരാണ് പിടിയിലായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. മലയോര മേഖലയില്‍ താമരശേരി, ഓമശേരി, തിരുവമ്പാടി, മുക്കം, പന്നിക്കോട്, കൊടിയത്തൂര്‍, നെല്ലിക്കാപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ മാംസ കടകളില്‍ നിന്ന് വലിയ തുകക്ക് മാലിന്യം കൊണ്ട് പോവാന്‍ കരാറെടുക്കുന്നവരാണിവര്‍. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം രാത്രി ആളുകള്‍ ഉറങ്ങിയതിന് ശേഷം ഇത്തരം സ്ഥലങ്ങളില്‍ തള്ളുകയാണ് പതിവ്. നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച സംഘം തന്നെയാണ് നേരത്തെ മുക്കത്ത് നിന്നും നാട്ടുകാരുടെ പിടിയിലായത്. സ്ഥലമുടമക്കെതിരേയും വാഹന ഉടമകള്‍ക്കെതിരേയും കേസെടുത്തതായി മുക്കം പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.