കൊച്ചി മെട്രോ : ടിക്കറ്റ് നിരക്ക് കുറച്ചേക്കും

Friday 28 July 2017 10:07 pm IST

കൊച്ചി: സാധാരണക്കാരായ യാത്രക്കാരെയും ആകര്‍ഷിക്കാനായി കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ കുറച്ചേക്കും. മഹാരാജാസ് കോളേജ് വരെ മെട്രോ ഓടിത്തുടങ്ങുമ്പോള്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്നാണ് സൂചന. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ഇപ്പോള്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഇത്രയും ദൂരം യാത്ര ചെയ്യാനായി 40 രൂപയാണ് നിരക്ക്. മിനിമം നിരക്ക് 10 രൂപയാണ്. വിവിധ സ്റ്റേഷനുകള്‍ തമ്മിലുള്ള നിരക്ക് പത്തിന്റെ ഗുണിതങ്ങളായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് പലപ്പോഴും നിരക്കുയരാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകളില്‍പ്പലരും ഇപ്പോഴും സ്വകാര്യ ബസ്സുകളെ തന്നെയാണ് ആശ്രയിക്കുന്നത്. നിരക്ക് കുറയ്ക്കുന്നതോടെ കൂടുതല്‍ ആളുകളെ കയറ്റി മെട്രോ വരുമാനം ഉയര്‍ത്താനുള്ള നീക്കമാണ് കെഎംആര്‍എല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുക എന്നാണ് വിവരം. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണുള്ളത്. ഓണത്തോടടുത്ത് പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള 5.5 കിലോമീറ്റര്‍ കൂടി മെട്രോ എത്തും. ഇതോടെ ടിക്കറ്റ് നിരക്ക് പുന:പരിശോധിക്കാനാണ് അധികൃതരുടെ നീക്കം. മഹാരാജാസ് കോളേജ് മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള മെട്രോയുടെ മൂന്നാംഘട്ടത്തിന്റെ നിര്‍മ്മാണ ടെന്‍ഡര്‍ അന്തിമ ഘട്ടത്തിലാണ്. ഇതിനിടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള മെട്രോയ്ക്കും കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം കേന്ദ്രം പ്രഖ്യാപിക്കുന്ന മെട്രോ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെട്രോയുടെ ഭാവി വികസനം. ഇതിനിടെ അങ്കമാലിവരെ മെട്രോ നീട്ടാനുള്ള നീക്കവും നടക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വരെയുള്ള മെട്രോ പദ്ധതിഅട്ടിമറിക്കാന്‍ നീക്കമുണ്ടെന്നാണ് ആക്ഷേപം. വിമാനത്താവളത്തിലേക്ക് മെട്രോ നീട്ടുന്നത് ലാഭകരമാകില്ലെന്ന് പറഞ്ഞാണ് ഈ നടപടിയെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.