സനത്കുമാരന്‍ ദശരഥനെക്കുറിച്ച്

Sunday 30 July 2017 9:18 am IST

അംഗരാജ്യത്തെ സംബന്ധിച്ച സനത്കുമാര മഹര്‍ഷിയുടെ പ്രവചനങ്ങള്‍ എത്രത്തോളം ശരിയായി എന്നറിയാന്‍ ദശരഥന്‍ ആകാംക്ഷാഭരിതനായി. സുമന്ത്രര്‍ ആ കഥകളെല്ലാം വിശദമായി പറഞ്ഞു കൊടുത്തു. ലോമപാദന്‍ തന്ത്രപൂര്‍വം ഋശ്യ ശൃംഗനെ അംഗരാജ്യത്തെത്തിച്ച് മഴപെയ്യിച്ചതും തുടര്‍ന്ന് ലോമപാദന്റെ പുത്രിയായ ശാന്തയെ ഋശ്യ ശൃംഗന് വിവാഹം ചെയ്തു കൊടുത്തതുമായ ചരിത്രം സുമന്ത്രര്‍ വിവരിച്ചു. സുമന്ത്രര്‍ മറ്റൊന്നു കൂടി വിവരിച്ചു. അന്ന് സനത്കുമാര മഹര്‍ഷിയുടെ പ്രവചനത്തില്‍ അയോധ്യയിലെ ദശരഥ മഹാരാജാവിനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. അതെന്തെന്നറിയാന്‍ ദശരഥന്‍ കൂടുതല്‍ ആകാംക്ഷാഭരിതനായി. സുമന്ത്രര്‍ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. ഇക്ഷ്വാകു രാജവംശത്തില്‍ ദശരഥന്‍ എന്ന ഒരു മഹാത്മാവ് അയോധ്യാധിപനായി വരും. ദശരഥന് അംഗരാജ്യവുമായി സൗഹൃദമുണ്ടാകും. അംഗരാജ്യ നിയോഗത്താല്‍ ഋശ്യ ശൃംഗന്‍ അയോധ്യയില്‍ വരും. തുടര്‍ന്ന് നടത്തുന്ന യാഗത്തിന്റെ വരപ്രസാദമായി സര്‍വലോകങ്ങളിലും പുകഴ്ത്തപ്പെടുന്ന നാലു രാജകുമാരന്മാര്‍ അതി വിക്രമശാലികളായുണ്ടാകും. ഋശ്യ ശൃംഗന്റെ നേതൃത്വത്തില്‍ നടത്തുന്ന അശ്വമേധ യജ്ഞം വസിഷ്ഠാദികളായ മഹര്‍ഷിമാരുടെ സാന്നിധ്യത്താലും പരിശോഭിക്കും. സുയജ്ഞന്‍, വാമദേവന്‍, ജാബാലി, കശ്യപന്‍, തുടങ്ങിയ പ്രമുഖര്‍ ഈ യാഗത്തില്‍ ഭാഗഭാക്കാകും. സുമന്ത്രര്‍ പറഞ്ഞു നിര്‍ത്തി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.