കോടിയേരി ബാലകൃഷ്ണന് ചില സി ഐടിയുക്കാരെപ്പോലെ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ നാണം തോന്നും. താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്ന കാര്യം കോടിയേരി മറന്നുപോയെന്നു തോന്നുന്നു. അല്ലെങ്കില്‍ സെക്രട്ടറിയും ഇങ്ങനെയൊക്കെ സംസാരിച്ചാല്‍ മതിയെന്ന് കക്ഷി തന്നെ വിചാരിച്ചുകാണും. തിരുവനന്തപുരത്ത് അക്രമത്തിന്റെ കാരണക്കാര്‍ ബിജെപിയാണെന്നാണ് സഖാവ് പറയുന്നത്. സിപിഎം സമാധാനത്തിന്റെയും ശാന്തതയുടേയും പാര്‍ട്ടിയാണത്രെ! ആരോടാണ് ഇദ്ദേഹം ഇതൊക്കെ വിളിച്ചുകൂവുന്നത്. പൊതുജനം മുഴുവന്‍ സിപിഎം ആണെങ്കില്‍ കൊള്ളാം, തലകുനിച്ചു സമ്മതിക്കും. അങ്ങനെയല്ലല്ലോ.
അക്രമം ഇല്ലെങ്കില്‍ സിപിഎം ഇല്ല എന്ന് ജനത്തിനറിയാം. അക്രമം കാട്ടിയില്ലെങ്കില്‍ അതു സിപിഎം ആകില്ലെന്നും അറിയാം. ആളെ തല്ലാനും കൊല്ലാനും പറഞ്ഞുവിട്ട് മക്കളേയും കുടുംബത്തേയും സുരക്ഷിതമായി കൊണ്ടു നടക്കുന്ന നേതാക്കളുടെ പാര്‍ട്ടിയാണ് സിപിഎം എന്ന് ആര്‍ക്കും അറിയാം. സംസ്ഥാനം മുഴുവന്‍ അക്രമം അഴിച്ചുവിട്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാക്കിയത് സിപിഎം ആണെന്ന് ബിജെപി പറയാതെ തന്നെ പൊതുജനത്തിനറിയാം. എന്തായാലും കോടിയേരിയുടെ കോമഡികള്‍ ക്രൂരമായിപ്പോകുന്നു.
കേരളത്തില്‍ അക്രമം നടക്കുന്നതില്‍ കൂടുതല്‍ ആഹ്ളാദിക്കുന്നത് ആരായിരിക്കുമെന്ന് കോടിയേരിക്കു തന്നെ അറിയാം. പിണറായി സര്‍ക്കാരില്‍ ആഭ്യന്തരം കിട്ടാത്തതിന്റെ പക ആര്‍ക്കാണ് ഉള്ളതെന്നും കോടിയേറിക്ക് അറിയാം. അങ്ങനെ പിണറായി സര്‍ക്കാരിനെ കണ്ണൂര്‍ സില്ബന്ധികളെക്കൊണ്ട് കുളം തോണ്ടി കുളംതോണ്ടി ഈ പരുവത്തിലാക്കി. എന്നിട്ടും കോടിയേരി മലര്‍ന്നു കിടന്നു തന്നെ തുപ്പുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: